വീട്ടുകാര്‍ ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് ലക്ഷങ്ങളുടെ കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കസ്റ്റഡിയില്‍, കുടുക്കിയത് വീട്ടിനകത്തു കാണപ്പെട്ട രക്തതുള്ളികള്‍

കാസര്‍കോട്: കുടുംബം ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് വീടു കുത്തി തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍. തമ്പാന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണെന്നു കരുതുന്ന രാധാകൃഷ്ണനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചീമേനി ടൗണിലെ ചേതന റോഡിലെ പ്ലാങ്കു കുഞ്ഞമ്പുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച. നാലു സ്വര്‍ണ്ണവളകളും ഒരു മോതിരവുമാണ് കവര്‍ച്ച പോയത്. അടുക്കള ഭാഗത്തെ ഗ്രില്ല് പൊളിച്ചാണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്ത് കടന്നത്. വീട്ടിനകത്തുണ്ടായിരുന്ന കത്തിയെടുത്ത് അലമാര കുത്തിപൊളിക്കുകയായിരുന്നു. ഇതിനിടയില്‍ കവര്‍ച്ചക്കാരനു മുറിവേറ്റതായി സംശയിക്കുന്നു. മുറിക്കകത്തും തുണികളിലും രക്തപാടുകള്‍ കാണപ്പെട്ടതാണ് ഇത്തരമൊരു സംശയം ഉണ്ടാകാന്‍ കാരണം. പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച കത്തി വീടിനു പുറത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം പിടിയിലായ തമ്പാനും കൂട്ടു പ്രതിയും ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ കളിയാട്ടം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രദേശത്ത് എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമ്പാന്‍ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page