കൊച്ചി കേന്ദ്രീകരിച്ച് കാസര്‍കോട് സ്വദേശിയുടെ നേതൃത്വത്തില്‍ വന്‍ അവയവദാന തട്ടിപ്പ്; 2 പേര്‍ അറസ്റ്റില്‍, അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: അവയവദാനത്തിനായി വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. തട്ടിപ്പു സംഘത്തിനു നേതൃത്വം നല്‍കുന്ന കാസര്‍കോട് സ്വദേശിയെയും ഭാര്യയെയും തെരയുന്നു. കൊച്ചി, കുന്നത്തുനാട് സ്വദേശിയും സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തി. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ നിരവധി വ്യാജ ശുപാര്‍ശകത്തുകള്‍ കണ്ടെടുത്തു.
കാസര്‍കോട് ജില്ലയിലെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുഹമ്മദ് നജീബ് ആണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ ഭാര്യക്കും തട്ടിപ്പില്‍ പങ്കുള്ളതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ദമ്പതികളാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്. തട്ടിപ്പിന് ആവശ്യമായ വ്യാജ രേഖകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നത് സണ്ണി വര്‍ഗീസും ഭാര്യ സിനിയുമായിരുന്നു. ഇവരുടെ സ്ഥാപനത്തില്‍ നിന്നു സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റര്‍പാഡ്, വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നതിനുള്ള വ്യാജ രേഖകള്‍, മെഡിക്കല്‍ ലാബുകളുടെ വ്യാജ ലെറ്റര്‍ പാഡുകള്‍ എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായവരും മുഖ്യപ്രതികളും തമ്മില്‍ വാട്‌സ്ആപ്പില്‍ നടത്തിയ സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ഉടന്‍ കാസര്‍കോട്ടേക്ക് എത്തുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page