ചെന്നൈ: വാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച ടിവികെ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്ന് പുലിയന്‍തോപ്പ് സ്വദേശി ജിജി ശിവ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി.
റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാള്‍ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എ ക്കെതിരെ നടപടി ആവശ്യപ്പെട്ട്
പുലിയന്‍തോപ്പ് സ്വദേശി ജിജി ശിവ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയത്.
ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനങ്ങളില്‍ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുമെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറും ടിവികെ ജില്ലാ സെക്രട്ടറിയുമായ വിജയ് ദാമു ഡിഎംകെ സിറ്റിങ് സീറ്റായ റോയപുരത്തുനിന്ന് 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ‘വിജയ് മക്കള്‍ ഇയ്യക്ക’ത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വിജയ് ദാമു, ടിവികെ രൂപീകരിച്ചതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.







