മാര്‍ക്ക് ഷീറ്റ് തിരുത്തിയ 9 വയസ്സുകാരിയെ പിതാവ് യന്ത്രവാള്‍കൊണ്ട് കഴുത്തറുത്ത് കൊന്നു; കൊലപാതകം പുറത്തറിയാതിരിക്കാന്‍ വീടിന് തീയിട്ടു; 2 പേര്‍ അറസ്റ്റില്‍

പൂനെ: മാര്‍ക്ക് ഷിറ്റ് തിരുത്തിയ ഒന്‍പത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാള്‍കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം മൃതദേഹം സാരിയില്‍ പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിച്ച ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ വീടിന് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് നടുക്കുന്ന സംഭവം നടന്നത്.

കൂലിപ്പണിക്കാരനായ ശാന്താറാം ചവാന്‍ (33) ആണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും ഇയാള്‍ക്കുണ്ട്. ശാന്താറാമിന്റെ മകനും മകളും തമ്മില്‍ കഴിഞ്ഞദിവസം പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സഹോദരന്‍ രണ്ടാം റാങ്ക് നേടിയ, അനുജത്തിയെ കളിയാക്കിയതാണ് തര്‍ക്കത്തിന് കാരണം.

ഇതോടെ പെണ്‍കുട്ടി മാര്‍ക്ക് ഷീറ്റില്‍ തന്റെ റാങ്ക് രണ്ടില്‍ നിന്ന് ഒന്നാക്കിയും സഹോദരന്റെ മാര്‍ക്ക് ഷീറ്റില്‍ റാങ്ക് ഒന്നില്‍ നിന്ന് രണ്ടാക്കിയും തിരുത്തി. മാര്‍ക്ക് ഷീറ്റ് തിരുത്തിയ വിവരം അറിഞ്ഞ ശാന്താറാം, യന്ത്രവാള്‍ ഉപയോഗിച്ച് മകളുടെ കഴുത്തറക്കുകയായിരുന്നു, തുടര്‍ന്ന് മൃതദേഹം സാരിയില്‍ പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിച്ച ശേഷം, വീടിന് തീയിട്ടുവെന്നും പൊലീസ് പറഞ്ഞു.

വീടിന് തീപിടിച്ചാണ് മകള്‍ കൊല്ലപ്പെട്ടതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശാന്താറാമിന്റെ ശ്രമം. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ എല്ലാ കള്ളത്തരങ്ങളും പുറത്തായി. വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയുടെ ശരീരം പൊലീസ് കണ്ടെടുത്തു. മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പിതാവ് ശാന്താറാം ചവാനെയും സഹായിയായ ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page