പഞ്ചാബിനെ ഞെട്ടിച്ച് മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം

ചണ്ഡീഗഢ്: പഞ്ചാബിനെ ഞെട്ടിച്ച് മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം. ജലന്ധറിലും അമൃത്സറിലുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത് സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്ഫോടനങ്ങള്‍. സ്‌ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.

ജലന്ധര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി സൂചനയുണ്ട്. സമൂഹ മാധ്യമം വഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ജലന്ധറിലെ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അമൃത്സറിലെ ഖാസ കന്റോണ്‍മെന്റ് മേഖലയില്‍ രണ്ടാമത്തെ സ്‌ഫോടനം നടന്നത്. സൈനിക പ്രാധാന്യമുള്ള മേഖലയായതിനാല്‍ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ ഈ സംഭവങ്ങളെ കാണുന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണിത്.

ജലന്ധറിലെ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 22-കാരനായ ഗുര്‍പ്രീത് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഡെലിവറി ഏജന്റായ ഇയാള്‍ പാര്‍സല്‍ നല്‍കാനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിയായ എഎപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ ഇത്തരം സംഭവങ്ങള്‍ ഗൗരവകരമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാരിങ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ അറിയിച്ചു.

സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഏപ്രില്‍ 27-ന് പട്യാലയിലെ റെയില്‍വേ ട്രാക്കിലും സ്‌ഫോടനം നടത്താന്‍ ശ്രമം നടന്നിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ഉടനീളം സുരക്ഷ കര്‍ശനമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page