അധ്യാപികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കാറിനുള്ളിലിട്ട് ചുട്ടുകൊന്നു; പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ബെംഗളൂരു: സ്വകാര്യ കോളേജ് അധ്യാപികയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ദേവനഹള്ളി താലൂക്ക് ഓഫീസിലെ സര്‍ക്കാര്‍ ക്ലാര്‍ക്കായ രാമാഞ്ചിനപ്പയും(45), സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസറായ സരോജ(40)യുമാണ് മരിച്ചത്. ബെംഗളൂരുവിലെ നന്ദി ഹില്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വിവാഹമോചിതനാണ് രാമാഞ്ചിനപ്പ. സരോജ വിവാഹിതയാണ്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. കഴിഞ്ഞദിവസം സുഹൃത്തിന്റെ കാര്‍ വാങ്ങി ഇരുവരും നന്ദി ഹില്‍സിലേക്ക് പോയി. ആരുടേയും ശല്യമില്ലാതെ പ്രണയം ആസ്വദിക്കാനായിരുന്നു കമിതാക്കളുടെ യാത്ര. യാത്രയിലുടനീളം ഇരുവരും സ്‌നേഹത്തോടെ പെരുമാറി. ഉച്ചയോടെ ദൊഡ്ഡബല്ലാപൂരിലെ ജിങ്കെബച്ചഹള്ളിയുടെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്ത് എത്തിയപ്പോള്‍ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

അതിനിടെ പ്രകോപിതനായ രാമഞ്ചിനപ്പ സരോജയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. ഇതോടെ അബോധാവസ്ഥയിലായ സരോജയെ പിന്‍സീറ്റിലേക്ക് മാറ്റി. തുടര്‍ന്ന് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പിന്നാലെ രാമാഞ്ചിനപ്പ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു.

അപകടമുണ്ടായാല്‍ ഉടമയ്ക്ക് സന്ദേശം പോകുന്ന ‘ഓട്ടോ കൊളീഷന്‍ നോട്ടിഫിക്കേഷന്‍’ സംവിധാനം കാറിലുണ്ടായിരുന്നു. വാഹനത്തിന് തീപിടിച്ചതോടെ ഉടമയായ സുരേഷിന്റെ ഫോണിലേക്ക് മെസേജ് എത്തി.
തുടര്‍ന്ന് രാമഞ്ചിനപ്പയെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കാറും മൃതദേഹവും കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങളാണ് മരിച്ച ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. സരോജത്തിന്റെ ഭര്‍ത്താവ് ജയശങ്കറെത്തി ഭാര്യയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പിന്നാലെ രാമഞ്ചിനപ്പയ്ക്ക് വേണ്ടി അന്വേഷണം നടത്തിയ പൊലീസ് ബിദാദിക്ക് സമീപം റെയില്‍വെ ട്രാക്കില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായുള്ള വിവരമറിഞ്ഞ് അവിടെ എത്തിയപ്പോഴാണ് മരിച്ചത് രാമഞ്ചിനപ്പയാണെന്ന് സ്ഥിരീകരിച്ചത്. സമീപത്തുണ്ടായിരുന്ന ആധാര്‍ കാര്‍ഡാണ് ഇയാളെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സരോജത്തിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page