ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്‍ സീറ്റിലിരുന്ന അമ്മായിയമ്മയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; മരുമകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്‍ സീറ്റിലിരുന്ന അമ്മായിയമ്മയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്ന സംഭവത്തില്‍ മരുമകനെ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദിലെ ചെംഗിചെര്‍ളയിലാണ് സംഭവം. കൊല്ല അരുണയാണ്(39) മരുമകന്‍ സ്‌നേഹിതിന്റെ ആക്രമണത്തില്‍ മരിച്ചത്. ബൈക്കില്‍ പോവുന്നതിനിടെ അപസ്മാരം ഇളകി വീണുവെന്ന് പറഞ്ഞാണ് സ്‌നേഹിത് അരുണയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്കിന്റെ ഗൗരവം കണ്ട് ആശുപത്രി അധികൃതര്‍ സംശയം തോന്നി പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തുന്നത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് മരുമകനെ ചതിച്ചത്.

കൊല്ല അരുണയുടെ മകള്‍ കാവ്യയെ ഒരു വര്‍ഷം മുന്‍പാണ് സ്‌നേഹിത് വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഏപ്രില്‍ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലേക്കുള്ള ക്ഷണം നിരസിച്ച സ്‌നേഹിത് അരുണയെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെയാണ് അരുണയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിയത്.

ബൈക്കില്‍ പോവുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പെട്രോള്‍ ടാങ്കിന് മുകളില്‍ വെച്ചിരുന്ന ഹെല്‍മെറ്റ് എടുത്ത് സ്‌നേഹിത് അമ്മായി അമ്മയെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page