തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി മുതലാളി സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിന് ജാക്ക്പോട്ട്; കുടുംബത്തിലെ മൂന്ന് പേര്‍ നിയമസഭയില്‍

ചെന്നൈ: തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി മുതലാളി സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിന് ജാക്ക്പോട്ട് അടിച്ചു. ഭാര്യയും മകനും മരുമകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരാണ് നിയമസഭയിലെത്തിയത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലാണ് വിജയമെന്ന പ്രത്യേകതയുമുണ്ട്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍.

സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റില്‍ 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിവികെയുടെ കുപാ കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്.

മകളുടെ ഭര്‍ത്താവ് ആദവ് അര്‍ജുന വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാര്‍ത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്നാട് നിയമസഭയിലെത്തുന്നത്. ഡിഎംകെയുടെ കാര്‍ത്തിക് മോഹനെ 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ സീറ്റ് ഡിഎംകെയാണ് നേടിയിരുന്നത്.

പുതുച്ചേരി നിയമസഭയിലേക്കാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗര്‍ സീറ്റില്‍ നിന്നു സ്വന്തം പാര്‍ട്ടിയായ ലച്ചിയ ജനനായക കക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജോസ് ചാള്‍സ് വിജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) സഖ്യകക്ഷിയാണ് ലച്ചിയ ജനനായക കക്ഷി. കാമരാജ് നഗര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.കെ ദേവദാസിനെതിരെ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസ് വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏറ്റവും ധനികരായ സ്ഥാനാര്‍ത്ഥികളില്‍ ഈ മൂന്ന് പേരും ഉള്‍പ്പെട്ടിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,041 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ലീമയായിരുന്നു ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയില്‍ 597 കോടി രൂപയുമായി ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ഒന്നാമതെത്തിയപ്പോള്‍, ആദവ് അര്‍ജുന 442 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page