കാസര്‍കോട്: വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ച രാത്രി ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, തോരണത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിക്കൊല്ലാന്‍ ശ്രമം. തോരണത്തെ പരേതനായ കണ്ണന്റെ മകന്‍ ടി രാജനാ(54)ണ് വെട്ടേറ്റത്. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. മരവടികളുമായി വീട്ടില്‍ അതിക്രമിച്ച കയറിയ മൂന്നംഗ സംഘം അടുക്കള ഭാഗത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന രാജനെ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. അടിയേറ്റ് പരിക്കേറ്റ രാജന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നും തടഞ്ഞപ്പോള്‍ വലതു കൈയുടെ ചൂണ്ടുവിരലിനു ആഴത്തില്‍ മുറിവേറ്റതായും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ മുന്നാട്, ചുള്ളിയിലെ ബി പുരുഷോത്തമന്‍, പറയംപള്ളത്തെ പി കെ നാരായണന്‍, തോരണത്തെ ടി ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. പരാതിക്കാരനായ രാജനും ബന്ധുവായ ഗോപാലനും തമ്മിലുള്ള വഴിതര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.





