നാരായണന്‍ പേരിയ
നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണുള്ളത്? ബഹു. മന്ത്രി ഗണേഷ് കുമാര്‍ കൗതുകം ഉളവാക്കുന്ന ഈ ചോദ്യം മാധ്യമങ്ങളോട് പ്രതികരിച്ചതാണത്രേ. തന്റെ ചോദ്യം തീരെ നിലവാരമില്ലാത്തതാണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന് തോന്നിയിട്ടാകണം, പല പ്രമുഖ സാഹിത്യകാരന്മാരുടെയും അഭിപ്രായങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു.
നിങ്ങളുടെ കൂട്ടത്തില്‍ പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ തലയ്ക്ക് എന്തെങ്കിലും അസുഖം കാണും എന്ന് പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ കുടമണ്‍ അംബേദ്കര്‍ നഗര്‍ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി ഗണേഷ് കുമാര്‍.
തനിക്ക് മാത്രമല്ല, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും പ്രണയം ഉണ്ടായിരുന്നില്ലേ? രാജീവ് ഗാന്ധി സോണിയയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മറ്റ് ഗാന്ധിമാരുടെ പ്രണയകഥകള്‍ മന്ത്രി പറഞ്ഞില്ല. അവര്‍ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍, അവരുടെ തലയ്ക്ക് എന്തോ അസുഖം കാണും എന്ന് ധരിക്കാനിടയുണ്ട.് അവര്‍ക്കും പ്രണയമുണ്ട് എന്ന് മന്ത്രി പറയാതെ പറഞ്ഞു എന്ന് മനസ്സിലാക്കാം.
ഭാര്യ നല്‍കിയ പരാതിയില്‍ കേസെടുത്തില്ല എന്ന് ആരോപണത്തില്‍, മന്ത്രിക്കെതിരെയാണ് പരാതി എന്നതുകൊണ്ടാണ് കേസെടുക്കാതിരുന്നത്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണല്ലോ.
യാഥാര്‍ത്ഥ്യം അങ്ങനെയല്ല എങ്കിലും. ചെറിയ മീനുകള്‍ വലയില്‍ കുടുങ്ങും; വലിയ മീനുകള്‍ കുടുങ്ങുകയില്ല; അഥവാ, കുടുങ്ങിയാലും വലപൊട്ടിച്ചു രക്ഷപ്പെടും.
മന്ത്രിയുടെ ആദ്യ ഭാര്യ 15 വര്‍ഷം മുമ്പ് പരാതിപ്പെട്ടിരുന്നു. അതിലും കേസെടുത്തിട്ടില്ലത്രേ. പോലീസിന്റെ ഈ നിലപാടിനെ കുറിച്ച് പ്രതിപക്ഷപ്പാര്‍ട്ടികള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണമുന്നയിച്ചു. ബഹളം കൂട്ടി. തുടര്‍ന്ന് കേസെടുത്തു. രണ്ടാം ഭാര്യ ബിന്ദു മേനോന്‍ ഇതേവരെ ഭര്‍ത്താവിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് കേസെടുത്തില്ല എന്ന് പറഞ്ഞ് ബഹളം കൂട്ടുന്നത് എന്തിന്?.
കൊട്ടാരക്കര പോലീസ് സൂപ്രണ്ട് വിഷ്ണു പ്രദീപ് പറഞ്ഞത് മന്ത്രിയുടെ കൊട്ടാരക്കരയിലെ വീട്ടില്‍ പോലീസ് പോയിരുന്നു എന്നാണ്. അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാരും പിങ്ക് പോലീസും ആണ് പോയത്. വീട്ടില്‍ പ്രവേശിക്കാന്‍ തന്നെ അനുവദിക്കുന്നില്ല, തടയുന്നു, സഹായിക്കണം എന്ന്, മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യയില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത് പ്രകാരം പോലീസ് വീട്ടിലേക്ക് പോയി. മന്ത്രിയുടെ ഭാര്യയാണ് വിളിച്ചത് എന്ന് മനസ്സിലായി. ഗാര്‍ഹിക വഴക്കായതിനാല്‍ കൂടുതല്‍ ഇടപെടാന്‍ പോലീസിന് കഴിയുമായിരുന്നില്ല. പ്രാഥമികാന്വേഷണം നടത്തി. ഇത്രയും കാര്യങ്ങള്‍ മനസ്സിലായി. രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. ആ സ്ഥിതിക്ക് ബലാല്‍ക്കാരമായി വീട്ടില്‍ പോലീസ് കടന്നാല്‍, അതും ബഹു. മന്ത്രിയുടെ വീട്ടില്‍,- പോലീസ് അതിക്രമം കാട്ടി എന്ന കുറ്റാരോപണമുണ്ടാകും. കൊട്ടാരക്കര പോലീസ് സൂപ്രണ്ട് വിശദീകരിച്ചു.
റിട്ടയേര്‍ഡ് ഡിജിപി, ആര്‍ ശ്രീലേഖ (ഇപ്പോള്‍ ബിജെപി നേതാവാണ്; നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയും).
ഈ പ്രശ്‌നത്തില്‍ ഇടപെട്ടു എന്ന് വാര്‍ത്തയുണ്ടായി. അത് സംബന്ധിച്ച് ശ്രീലേഖ പറഞ്ഞത്: താന്‍ ഇടപെട്ടിട്ടുണ്ട്. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ തന്റെ ഭര്‍തൃ സഹോദരിയാണ്. ബിന്ദു വിളിച്ച് സഹായം തേടിയിരുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ട്. തന്നെ വീട്ടില്‍ കയറ്റുന്നില്ല; സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ഭര്‍തൃ സഹോദരി എന്ന ബന്ധം വെച്ച് താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ബിന്ദു എന്നോട് പറഞ്ഞതെല്ലാം ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല എന്ന് തോന്നുന്നു. അതുകൊണ്ട് തല്‍ക്കാലം പറയുന്നില്ല.
ശ്രീലേഖ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍, അവരുടെ ഭാഗത്ത് തെറ്റില്ല; കുറ്റപ്പെടുത്തേണ്ടതായിട്ട് ഒന്നുമില്ല. എന്നാല്‍ ബിന്ദു മേനോന്‍ എന്ന മന്ത്രി പത്‌നി, തന്റെ ഭര്‍തൃ സഹോദരിയോട് പറഞ്ഞ കുടുംബപ്രശ്‌നങ്ങള്‍ അപ്പോള്‍ ത്തന്നെ പത്ര സമ്മേളനം വിളിച്ച് കൂട്ടി വിസ്തരിച്ചിരുന്നെങ്കിലോ? പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഒരു’വിഷയമാവുമായിരുന്നു. എങ്ങനെ എന്ന് പറയേണ്ടതില്ലല്ലോ?.
പ്രശ്‌നം പുറത്തറിഞ്ഞപ്പോള്‍ത്തന്നെ (എത്രത്തോളം അറിഞ്ഞിട്ടുണ്ട് എന്നത് മറ്റൊരു വിഷയം. രാഷ്ട്രീയക്കാരല്ലേ? ഒരു കടുക് മണിയോളം കിട്ടിയാല്‍ മതി, ഹിമാലയത്തെക്കാള്‍ വലുതാക്കും;ജിഹ്വാബലം!.) പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗപ്രവേശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി സംസ്ഥാനത്ത് മറ്റ് ഏത് സ്ത്രീക്ക് കിട്ടും? മുഖ്യമന്ത്രി പറയണം എന്താണുണ്ടായത് എന്ന്. എന്ത് ചെയ്യാന്‍ പോകുന്നു എന്നും. (മുഖ്യമന്ത്രി ഉടനെ രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടില്ല. വോട്ടെണ്ണാന്‍ ഏറെ ദിവസങ്ങള്‍ ഇല്ലല്ലോ. മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമല്ലോ ദിവസങ്ങള്‍ക്കകം).
പ്രതിപക്ഷ നേതാവ് പറഞ്ഞത്: മന്ത്രി ഗണേഷ് കുമാറിന് ധാരാളം പ്രണയിനിമാരുണ്ടോ, ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തല്‍ക്കാലം ഇടപെടുന്നില്ല. മന്ത്രിയുടെ ഭാര്യ തന്നെയാണ് പോലീസിന്റെ അനാസ്ഥയെ കുറിച്ച് പരാതി പറഞ്ഞത് തന്റെ സഹമന്ത്രിയുടെ ഭാര്യയുടെ പരാതി എന്ന നിലയില്‍ അതിനു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
പഴയ ഒരു കഥ- കെട്ടിച്ചമച്ച കഥയല്ല. നടന്ന സംഭവം. രാഷ്ട്രീയ നേതാവ്, എംഎല്‍എ, മന്ത്രി, എംപി എന്നിങ്ങനെ പല വിശേഷണങ്ങളും ചാര്‍ത്തപ്പെട്ടിട്ടുള്ള ലോനപ്പന്‍ നമ്പാടന്റെ ‘ഓര്‍മ്മ പുസ്തക’മായ ‘സഞ്ചരിക്കുന്ന വിശ്വാസി’യില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ ഒരു പീഡനക്കേസ്. ശിക്ഷിക്കപ്പെടും എന്ന് തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ പിതാവായ കീഴൂട്ട് രാമന്‍ പിള്ള കേസ് പരിഗണിക്കുന്ന മജിസ്‌ട്രേട്ടിനെ രഹസ്യമായി കണ്ടു. തന്റെ മകനെ കുറ്റമുക്തനാക്കി വെറുതെ വിട്ടാല്‍, മജിസ്‌ട്രേറ്റിന്റെ മകളെ തന്റെ മകന്‍ ബാലകൃഷ്ണന്‍ വിവാഹം ചെയ്യുമെന്ന് ഉറപ്പു കൊടുത്തു. കോടീശ്വരനാണ് രാമന്‍പിള്ള. കുറ്റാരോപിതനെ വെറുതെ വിട്ടു. തെളിവില്ല ശിക്ഷിക്കാന്‍ എന്ന ന്യായത്തില്‍. ആ കേസിന്റെ വിവരങ്ങള്‍ കേരള ലോ ടൈംസില്‍ (1954 കെ എല്‍ ടി 544) റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്പാടന്‍ നിയമസഭാ ചര്‍ച്ചയ്ക്കിടയില്‍ ഈ റിപ്പോര്‍ട്ട് വായിച്ചു. വക്കം പുരുഷോത്തമന്‍ ആയിരുന്നു അപ്പോള്‍ സ്പീക്കര്‍.
ബാലകൃഷ്ണപിള്ളയുടെ മകനാണ് ഗണേഷ് കുമാര്‍. അച്ഛന്‍ വേലി ചാടിയാല്‍ മകന്‍ മതില്‍ ചാടും എന്ന് നമ്പാടന്‍. (സഞ്ചരിക്കുന്ന വിശ്വാസി പേജ് -44). പ്രണയ പുരാണം പാരായണം ചെയ്യാന്‍ സര്‍വ്വദായോഗ്യന്‍ തന്നെ നമ്മുടെ ബഹു.മന്ത്രി!.






