കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി വിസ്മയ കാഴ്ച ഒരുക്കി; ആന്‍ഡമാന് ഗിന്നസ് റെക്കോര്‍ഡ്

ശ്രീ വിജയപുരം: കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി ആന്‍ഡമാന്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. രാധാനഗര്‍ ബീച്ചിലെ കടലിനടിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം ഉയര്‍ത്തിയത്. ഇതോടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചതായി ഭരകൂടം വ്യക്തമാക്കി.

സ്വരാജ് ദ്വീപിലെ പ്രശസ്തമായ രാധാനഗര്‍ ബീച്ചില്‍ 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുള്ള ത്രിവര്‍ണ പതാകയാണ് കടലിനടിയില്‍ ഉയര്‍ത്തിയത്. ആന്റമാന്‍ നിക്കോബാര്‍ പൊലീസ്, വനം വകുപ്പ്, നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, വിവിധ ഡൈവിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള സ്‌കൂബ ഡൈവര്‍മാരും മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ആന്റമാന്‍ ദ്വീപുകളെ ഒരു ആഗോള ഡൈവിംഗ് കേന്ദ്രമായി മാറ്റാനും, ടൂറിസം പ്രോത്സാഹിപ്പിക്കാനും, ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കാനും ഇത് ലക്ഷ്യമിടുന്നതായി അധികൃതര്‍ പറഞ്ഞു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡി.കെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷണ്‍ കുമാര്‍, പൊലീസ് ഡയറക്ടര്‍ ജനറല്‍ എച്ച്.എസ് ധാലിവാള്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളായ ഫത്തേ ജഹാന്‍ സിംഗ് (16), ലാവണ്യ എയ്റ (15), രണ്‍വിജയ് സിംഗ് (14) എന്നിവരും പങ്കെടുത്തു. ഗിന്നസ് റെക്കോര്‍ഡ്സ് പ്രതിനിധി ഋഷി നാഖ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി.

ഈ നേട്ടത്തിന് പിന്നാലെ ഇന്ന് ഏറ്റവും ഉയരമുള്ള അണ്ടര്‍വാട്ടര്‍ ഹ്യൂമന്‍ സ്റ്റാക്ക് നിര്‍മ്മിച്ച് മറ്റൊരു റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page