മദ്യത്തിലൊഴിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ വിസമ്മതിച്ച 9 വയസ്സുകാരനെ ബന്ധു വെടിവച്ചു കൊന്നു

ലക്‌നൗ : മദ്യത്തിലൊഴിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ വിസമ്മതിച്ച ഒമ്പത് വയസ്സുകാരനെ ബന്ധു വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസം ഒരു പേരിടല്‍ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ധനേഷ് യാദവ് എന്നയാളാണ് യശ്പാല്‍ എന്ന യാഷിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ചടങ്ങിനിടെ മദ്യപിക്കാനിരുന്ന ധനേഷ് യാഷിനോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ ധനേഷ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മാവനായ അനൂജ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആദ്യം കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ അലിഗഡിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഖിതൗലി കനാല്‍ പാലത്തിന് സമീപത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page