ശ്രീനഗര്‍: പുല്‍വാമയില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി തീവ്രവാദി പിടിയില്‍. രാജ്‌പോറയിലെ കാസ്ബയറില്‍ നടത്തിയ പരിശോധനയിലാണ് കാച്ചിപോറ സ്വദേശിയായ മുഹമ്മദ് ഉമര്‍ മാലിക് പിടിയിലായത്. ഇയാള്‍ക്കെതിരെ രാജ്‌പോറ പൊലീസ് സ്റ്റേഷനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫ് 183-ാം ബറ്റാലിയനും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പ്രതിയുടെ പക്കല്‍ നിന്ന് പിസ്റ്റള്‍, വെടിയുണ്ടകള്‍, രണ്ട് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.







