കൊച്ചി:കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ കാസർകോട് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അംനാ ഫാത്തിമ ശ്രദ്ധേയയായി. അംനയുടെ പങ്കാളിത്തം സ്കൂളിന് മികവു പകർന്നു.
പ്രോഗ്രാമിംഗ് വിഭാഗത്തിൽ കാസർകോട് ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക പെൺകുട്ടിയായ അംന ഫേസ് ട്രാക്കിങ് റോബോട് നിർമ്മിച്ച് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ആണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയും, പ്രോഗ്രാമിംഗ് കഴിവുകളും വളർത്തുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
അംനാ ഫാത്തിമയുടെ നേട്ടം സ്കൂളിനും ജില്ലയ്ക്കും അഭിമാനമാണെന്ന് സ്കൂൾ അധികൃതരും അധ്യാപകരും അഭിപ്രായപ്പെട്ടു.നേട്ടം കൈവരിച്ച അംനാ ഫാത്തിമയെ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്, മൊഗ്രാൽ ദേശീയവേദി അഭിനന്ദിച്ചു.






