കോഴിക്കറിയില്‍ തൂവലും ചോരയും, ചപ്പാത്തിയില്‍ പ്ലാസ്റ്റിക്, ചോറില്‍ പാറ്റ; മൈസൂരിലെ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് മെസ്സില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിനെതിരെ പ്രതിഷേധം; പ്രശ്‌നത്തില്‍ ഇടപെട്ട് കെ.സി. വേണുഗോപാല്‍

മൈസൂര്‍: മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് മെസ്സില്‍ നിന്ന് ലഭിക്കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. മൈസൂരിലെ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവിടുത്തെ അഞ്ച് നഴ്‌സിംഗ് കോളജുകളിലെ മെസ്സുകളില്‍ നല്‍കുന്ന ഭക്ഷണത്തിനെതിരെയാണ് പരാതി. മലയാളികള്‍ തന്നെ നടത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയാണ് മെസ്സുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഏജന്‍സി വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ കോഴിക്കറിയില്‍ തൂവലും ചോരയും അടക്കം ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കിട്ടിയ ചപ്പാത്തിയില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ചോറില്‍ പാറ്റയും ഉണ്ടായിരുന്നു. ഭക്ഷ്യ വിഷബാധ ഇവിടെ പതിവാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മെസ്സ് ഫീ ആയി പ്രതിവര്‍ഷം 80,000 രൂപയാണ് തങ്ങളില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ നല്‍കുന്നത് വൃത്തിഹീനമായി ഭക്ഷണവും. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ലെന്നും ഇവര്‍ പറയുന്നു.

ചോദ്യം ചെയ്താല്‍ തങ്ങള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇന്റേണല്‍മാര്‍ക്ക് കട്ട് ചെയ്യുകയും സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു നല്‍കുന്നതിനുള്ള പ്രത്യുപകാരമായാണ് കോളേജുകള്‍ ഇവരില്‍ നിന്നു ഭക്ഷണം വാങ്ങുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് അഞ്ച് കോളേജുകള്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്. കോമണ്‍ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും, കലക്കവെള്ളത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ ഇടപെട്ട് കെ.സി വേണുഗോപാല്‍ രംഗത്തെത്തി. കര്‍ണാടക ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page