കെ.സി.വേണുഗോപാലിന്റെ ഇടപെടല്‍ ഫലം കണ്ടു; മൈസൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

മൈസൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെ ഇടപെടല്‍ ഫലം കണ്ടു. മൈസൂരില്‍ മലയാളി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. മലയാളികള്‍ തന്നെ നടത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയുടെ ലൈസന്‍സ് ആണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്. ഹോസ്റ്റല്‍ മെസ് അടപ്പിച്ചു. മെസ്സിനെതിരെ എടുത്തത് താല്‍ക്കാലിക നടപടിയല്ലെന്നും ഇനി തുറക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മെസില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നടത്തിപ്പെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെസ്സിലെ ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലെത്തിച്ചു. റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ നടപടി എടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് മെസ്സില്‍ നിന്ന് ലഭിക്കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട കെസി വേണുഗോപാല്‍ എംപി കര്‍ണാടക ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരം ശ്രദ്ധയില്‍പ്പെടുത്തുകയും സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി.

മൈസൂരിലെ അഞ്ച് നഴ്‌സിംഗ് കോളജുകളിലെ മെസ്സുകളില്‍ നല്‍കുന്ന ഭക്ഷണത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്. മലയാളികള്‍ തന്നെ നടത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയാണ് മെസ്സുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഏജന്‍സി വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ കോഴിക്കറിയില്‍ തൂവലും ചോരയും അടക്കം ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കിട്ടിയ ചപ്പാത്തിയില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ചോറില്‍ പാറ്റയും ഉണ്ടായിരുന്നു. ഭക്ഷ്യ വിഷബാധ ഇവിടെ പതിവാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മെസ്സ് ഫീ ആയി പ്രതിവര്‍ഷം 80,000 രൂപയാണ് തങ്ങളില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ നല്‍കുന്നത് വൃത്തിഹീനമായി ഭക്ഷണവും. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page