ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ വരണമാല്യം അണിയിക്കുന്നതിനിടെ വധു കാമുകനൊപ്പം ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഉംറേത്ത് ഗ്രാമത്തില്‍ ഏപ്രില്‍ 28 ന് രാത്രിയിലാണ് സംഭവം. പരാസിയയില്‍ നിന്നെത്തിയ വരനും വധുവും തമ്മിലുള്ള വരണമാല്യ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയില്‍ മാലയുമായി വരന്റെ അടുക്കല്‍ എത്തിയ വധു പെട്ടെന്ന് സദസ്സിലേക്ക് ഇറങ്ങിയോടുകയും അവിടെ ഉണ്ടായിരുന്ന കാമുകനെ കെട്ടിപ്പിടിച്ച് വരണമാല്യം അണിയിക്കുകയുമായിരുന്നു. വധുവിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം ഞെട്ടിത്തരിച്ചു.
തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ കാമുകനെ തടഞ്ഞുവച്ച് ക്രൂരമായി മര്‍ദ്ദിച്ചു. പിന്നാലെ വിവാഹ വേദി സംഘര്‍ഷഭരിതമായി. വധുവിന്റെ പെരുമാറ്റത്തില്‍ മനംനൊന്ത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചു. തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പൊലീസിന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വരന്‍ നല്‍കിയ ആഭരണങ്ങളും മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കളും തിരിച്ചുനല്‍കി. വിവാഹ ആവശ്യങ്ങള്‍ക്കായി ചെലവായ പണം തിരിച്ചുനല്‍കാനും വധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചു.
ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വധു വിവാഹത്തിന് തയാറായതെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വധുവും കാമുകനും തമ്മില്‍ പ്രണയത്തിലാണ്. ഇക്കാര്യം വധുവിന്റെ വീട്ടുകാര്‍ക്കും അറിയാം. എന്നാല്‍ അവര്‍ക്ക് കാമുകനുമായുള്ള വിവാഹത്തിന് സമ്മതമല്ലായിരുന്നു. തുടര്‍ന്ന് വധുവിനെ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. അതിനിടെയാണ് വിവാഹ വേദിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. വധുവിന് മുന്‍കൂട്ടി കാര്യങ്ങള്‍ വരനെ അറിയിക്കാമായിരുന്നുവെന്നും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിതനായ വരന് ജീവിതകാലം മുഴുവനും ഈ സംഭവം ഒരു നീറ്റലായി മനസില്‍ കിടക്കുമെന്നും ആളുകള്‍ പറയുന്നു. വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ നടക്കുമ്പോള്‍ ഇനിയെങ്കിലും ബന്ധുക്കള്‍ പെണ്‍മക്കളുടെ തീരുമാനങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.







