കാസര്‍കോട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാടിനു നഷ്ടമായത് മികച്ച നാടന്‍ പാട്ടു കലാകാരനെ. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തുണ്ടായ അപകടത്തില്‍ പുങ്ങംചാല്‍, കൊടിയംകുണ്ടിലെ സി രാജു (39)ആണ് മരിച്ചത്. പൊലീസ് ജീപ്പ് കല്ലഞ്ചിറ ഭാഗത്തേക്കും ഓട്ടോ വെള്ളരിക്കുണ്ട് ഭാഗത്തേക്കും പോവുകയായിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. അകത്തു കുടുങ്ങിക്കിടന്ന രാജുവിനെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അറിയപ്പെടുന്ന നാടന്‍ പാട്ടു കലാകാരനായ രാജുവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കാരുണ്യ യാത്രകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജു. ഉത്സവ വേദികളിലും കല്യാണ പരിപാടികളിലും പാടാറുണ്ടായിരുന്നു.
പരേതനായ രാരീരംവീട്ടില്‍ ചിങ്കത്തിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സരിത. മക്കള്‍: സൗരവ്, സൗപര്‍ണിക (ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ചന്ദ്രന്‍, പത്മിനി, ബാലാമണി, ജയ.






