റഹ്മാൻ മുഹമ്മദ് അലി
ഓരോ കുറച്ചാഴ്ചകൾ കൂടുമ്പോഴും ആരെങ്കിലുമൊക്കെ ഇതേ ചോദ്യവുമായി എന്നെ സമീപിക്കാറുണ്ട്. മംഗലാപുരത്ത് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കുന്ന ഒരു ബന്ധു, തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ AI പഠിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്ന സഹപ്രവർത്തകൻ, ലേഓഫ് വാർത്തകൾ കണ്ട് ആശങ്കയിലായ ഒരു സുഹൃത്ത്… ഒടുവിൽ എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്: “ഞാൻ ഭയപ്പെടേണ്ടതുണ്ടോ?”
ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ AI & ഡേറ്റ വിഭാഗത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ ഇരുപതുകളുടെ തുടക്കത്തിലുള്ള കരിയറിൽ, ജോലിയിൽ പ്രവേശിച്ച നാൾ മുതൽ യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്കായി AI സിസ്റ്റങ്ങൾ ഗവേഷണം ചെയ്യാനും നിർമ്മിക്കാനും വിന്യസിക്കാനുമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, ആ ചോദ്യത്തിന് കേൾക്കാൻ സുഖമുള്ള ഒരു മറുപടിയേക്കാൾ സത്യസന്ധമായ ഒന്ന് നൽകാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്.
ഞാൻ നിരീക്ഷിക്കുന്ന കാര്യങ്ങൾ ഇവയാണ്:
ലേഓഫുകൾ യാഥാർഥ്യമാണ്. പക്ഷേ, കാരണം ഒന്നുമാത്രമല്ല.
വൻകിട ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടൽ വാർത്തകൾ വായിക്കുമ്പോൾ AI ആണ് ഇതിനെല്ലാം പിന്നിലെ വില്ലൻ എന്ന് തോന്നാം. എന്നാൽ സത്യം അതിനേക്കാൾ കൃത്യമാണ്. ആഗോളതലത്തിൽ നടക്കുന്ന ലേ ഓഫുകളുടെ വലിയൊരു ഭാഗം 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കമ്പനികൾ നടത്തിയ അമിത നിയമനങ്ങളുടെ ഒരു തിരുത്തൽ പ്രക്രിയയാണ്. വളർച്ച മന്ദഗതിയിലായപ്പോൾ അവർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഈ ലേഓഫുകൾ വേദനാജനകമാണ്. പക്ഷേ ഇതൊരു പുതിയ കാര്യമല്ല; മിക്ക വ്യവസായങ്ങളും ഇതിനുമുൻപും കണ്ടിട്ടുള്ള ഒരു ബിസിനസ് ചക്രം മാത്രമാണിത്.
പക്ഷേ, രണ്ടാമതൊരു വിഭാഗം മാറ്റങ്ങൾ നടക്കുന്നുണ്ട്. അത് വ്യത്യസ്തമാണ്.
AI ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ ഒരു അക്കൗണ്ടന്റ് എട്ടു മണിക്കൂർ കൊണ്ട് ചെയ്തിരുന്ന ജോലി ഇപ്പോൾ നാലു മണിക്കൂർ കൊണ്ട് തീർക്കാൻ സാധിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന അധികസമയം കമ്പനി ജീവനക്കാരന് നൽകുന്നില്ല, പകരം ആവശ്യമുള്ള അക്കൗണ്ടന്റുമാരുടെ എണ്ണം കുറയ്ക്കുന്നു. ഇവിടെ ആരെയും നാടകീയമായി പിരിച്ചുവിടുന്നില്ലായിരിക്കാം. പക്ഷേ പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ല. ഫിനാൻസ്, ലീഗൽ പ്രോസസിംഗ്, കസ്റ്റമർ സർവീസ്, ലോജിസ്റ്റിക്‌സ്, ഡേറ്റ എൻട്രി തുടങ്ങിയ മേഖലകളിൽ ഇത് നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്നു. ഇത് വാർത്തയാകുന്നില്ലെങ്കിലും ക്രമാനുഗതവും യാഥാർഥ്യവുമാണ്.
യഥാർഥത്തിൽ അപകടത്തിലായിരിക്കുന്നത് ആര്?
ഈ ഓട്ടോമേഷൻ തരംഗം മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് അത് ബാധിക്കുന്ന മേഖലകളിലാണ്. പണ്ട് ഓട്ടോമേഷൻ ശാരീരിക അധ്വാനം ആവശ്യമുള്ള ആവർത്തന ജോലികളെയാണ് (ഉദാഹരണത്തിന് ഫാക്ടറി ലൈനുകൾ) മാറ്റിസ്ഥാപിച്ചത്. എന്നാൽ ഇത്തവണ ജൂനിയർ അനലിസ്റ്റ്, ഡോക്യുമെന്റ് പ്രോസസർ, സപ്പോർട്ട് ഏജന്റ് തുടങ്ങിയ എന്ട്രി ലെവൽ വൈറ്റ്-കോളർ ജോലികളെയാണ് ഇത് ബാധിക്കുന്നത്. കരിയർ ആരംഭിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്ന ഈ പടവുകൾ നിശ്ശബ്ദമായി അപ്രത്യക്ഷമാകുകയാണ്. ചില ജോലികൾ മാറുന്നത് മാത്രമല്ല, അവ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയാണ്. ഇത് അല്പം അസ്വസ്ഥതയുണ്ടാക്കുന്ന സത്യമാണെങ്കിലും ഇതാണ് യാഥാർഥ്യം.
അവസരം എവിടെയാണ്?
ആശ്വാസത്തിന് വേണ്ടി പറയുന്നതല്ല. ഞാൻ നേരിൽ കാണുന്ന ഒരു കാര്യം കൂടി പങ്കുവെക്കാം. ഇന്ന് ഏറ്റവും കൂടുതൽ മൂല്യമുള്ളവർ ആഴത്തിലുള്ള സാങ്കേതിക അറിവുള്ളവർ മാത്രമല്ല; ഹെൽത്ത്കെയർ, ലോജിസ്റ്റിക്‌സ്, ഫിനാൻസ്, വിദ്യാഭ്യാസം തുടങ്ങിയ തങ്ങളുടെ മേഖല നന്നായി അറിയുന്നവരും, AI-യെ ഒരു ഉപകരണമായി ഉപയോഗിക്കാൻ പഠിച്ചവരുമാണ്. AI പലപ്പോഴും ആത്മവിശ്വാസത്തോടെ തെറ്റുകൾ വരുത്താറുണ്ട്; ആ തെറ്റുകൾ ചോദ്യം ചെയ്യാനും വിവേകത്തോടെ തീരുമാനമെടുക്കാനും മനുഷ്യന്റെ സാന്നിധ്യംആവശ്യമാണ്.
ഗൾഫിൽ, സാങ്കേതിക വിദ്യയും അത് പ്രയോഗിക്കുന്ന മേഖലയും ആഴത്തിൽ മനസ്സിലാക്കുന്നവരെ കണ്ടെത്തുന്നതിനേക്കാൾ വേഗത്തിൽ സ്ഥാപനങ്ങൾ AI സ്വീകരിക്കുകയാണ്. ആ വിടവിലാണ് ഇന്ന് പുതിയ കരിയറുകൾ നിർമ്മിക്കപ്പെടുന്നത്.
ആശങ്കയുള്ളവരോട് ഒരു വാക്ക് –
ഒരു ഡിഗ്രിയും വലിയ സ്വപ്നങ്ങളുമായി ദുബായ്‌ക്ക് വിമാനം കയറുന്നത് എത്രത്തോളം പ്രതീക്ഷയുള്ള കാര്യമാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. നിങ്ങളെ ഭയപ്പെടുത്താനല്ല ഞാൻ ഇത് എഴുതുന്നത്. “എല്ലാം ശരിയാകും, പുതിയ ജോലികൾ വരും” എന്ന ഉപരിപ്ലവമായ വാക്കുകളേക്കാൾ വ്യക്തമായ ഒരു ചിത്രം നിങ്ങൾ അർഹിക്കുന്നുണ്ട്.
AI നിങ്ങളുടെ മേഖലയെ ബാധിക്കുമോ എന്നതല്ല ചോദ്യം, അത് എല്ലാ മേഖലകളെയും ബാധിക്കും. ചോദ്യം ഇതാണ്: AI പൂർണ്ണമായും പ്രായോഗിക തലത്തിൽ വരുമ്പോൾ, നിങ്ങൾ ആ ഉപകരണം ഉപയോഗിക്കുന്ന ആളായിരിക്കുമോ, അതോ ആ ഉപകരണം മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിച്ച ടാസ്ക് ആയിരിക്കുമോ?
ആ ഉത്തരം തീരുമാനിക്കാനുള്ള സമയം ഇപ്പോഴാണ്, അത് വാർത്തകളിൽ ഇടം പിടിച്ചതിന് ശേഷമാകരുത്.
(ലേഖകൻ റഹ്മാൻ മുഹമ്മദ് അലി
കാസർകോട് സ്വദേശിയാണ്. യുഎഇയിൽ AI എഞ്ചിനീയറായി ജോലി ചെയ്യുന്നു. ലോകത്തിലെ പ്രമുഖ ടെലികോം കമ്പനികളിലൊന്നിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ AI, ഓട്ടോമേഷൻ സിസ്റ്റങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയാണ്.)






