ഡ്രസിങ് റൂമില്‍ ഇ സിഗരറ്റ് വലിച്ച സംഭവം; രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ബി.സി.സി.ഐ പിഴ ചുമത്തി

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇ സിഗരറ്റ് വലിച്ച സംഭവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ബി.സി.സി.ഐ പിഴ ചുമത്തി. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘിച്ചതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ചുമത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് സംഭവം.

പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഇ സിഗരറ്റ് വലിക്കുന്ന ദൃശ്യം ടിവി ക്യാമറകളില്‍ പതിയുകയായിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടര്‍ന്നാണ് താരത്തിനെതിരെ ബി.സി.സി.ഐ കടുത്ത നടപടി എടുത്തത്. ഐപിഎല്‍ മത്സരങ്ങളില്‍ സ്റ്റേഡിയത്തിനും ഡ്രസിങ് റൂമിനും അകത്തും പുകവലി നിരോധിച്ചിട്ടുണ്ട്. 2019 മുതല്‍ ഇന്ത്യയില്‍ ഇ സിഗരറ്റുകള്‍ നിരോധിച്ചിട്ടുണ്ട്.

‘റിയാന്‍ പരാഗ് കുറ്റം സമ്മതിക്കുകയും മാച്ച് റഫറി അമിത് ശര്‍മ ചുമത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ സല്‍പ്പേര് കളങ്കമില്ലാതെ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, തെറ്റ് ചെയ്ത ടീമിനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കും കളിക്കാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുന്നതിനുള്ള മറ്റു വഴികളും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്’ – ഔദ്യോഗിക പ്രസ്താവനയില്‍ ഐപിഎല്‍ അറിയിച്ചു.

2025-27 സീസണുകളിലേക്ക് ബിസിസിഐ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം, പ്ലേയിങ് ഇലവനിലോ ഇംപാക്ട് പ്ലെയറായോ കളിക്കുന്ന ഓരോ താരത്തിനും ഓരോ മത്സരത്തിനും 7.5 ലക്ഷം വീതം മാച്ച് ഫീസായി ലഭിക്കും. ഇതിന്റെ 25 ശതമാനമായ 1.87 ലക്ഷം രൂപയാണ് പരാഗ് പിഴയായി നല്‍കേണ്ടി വരിക. ഐപിഎല്‍ 2026 സീസണില്‍ 14 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനെ ടീമില്‍ നിലനിര്‍ത്തിയത്. മാച്ച് ഫീസ് കരാര്‍ തുകയ്ക്ക് പുറമെ ലഭിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page