നാരായണന്‍ പേരിയ
”മനുഷ്യന്‍ മതങ്ങളോ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും കൂടി
മനസ്സ് പങ്കുവെച്ചു
മണ്ണ് പങ്കുവെച്ചു…”
വയലാര്‍ രാമവര്‍മ്മയുടെ ചിന്തോദ്ദീപികമായഗാനം. പങ്കുവെയ്ക്കല്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയാക്കാതിരിക്കില്ല. പങ്കുകളുടെ വലിപ്പച്ചെറുപ്പങ്ങളെച്ചൊല്ലി തര്‍ക്കം. താനാണ് ശരി; വലിയവന്‍. തനിക്ക് കിട്ടണം വലിയ പങ്ക് എന്ന് അവകാശപ്പെട്ടായിരിക്കും തര്‍ക്കം. മറ്റുള്ളവര്‍ ഈ വാദം അംഗീകരിക്കുമോ? അത്രമാത്രം ഉദാരമനസ്‌ക്കരാകുമോ അവര്‍? തര്‍ക്കത്തോട് തര്‍ക്കം.
ദൈവങ്ങളല്ല, ദൈവങ്ങളുടെ പ്രതിപുരുഷന്മാരാണ് എന്ന് അവകാശപ്പെടുന്നവരാണ് തര്‍ക്കം ഉന്നയിക്കുക- പുരോഹിതന്മാര്‍. ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുന്നവന്‍ എന്നാണ് പുരോഹിതന്‍ എന്ന പദത്തിന്റെ അര്‍ത്ഥം.
ദൈവാധീനം ജഗത്സര്‍വം
മന്ത്രാധീനം തുദൈവതം
തന്മന്ത്രം ബ്രാഹ്‌മണാധീനം
ബ്രാഹ്‌മണോ മമ ദൈവതം(ഈ ലോകം മുഴുവനും ദൈവത്തിന് കീഴ്പ്പെട്ടത്; ദൈവം മന്ത്രത്തിന് കീഴ്പ്പെട്ടത് ആ മന്ത്രം ബ്രാഹ്‌മണന് കീഴ്പ്പെട്ടത് അതുകൊണ്ട് ബ്രഹ്‌മണനാണ് എന്റെ ദൈവം) എന്നൊരു സംസ്‌കൃത ശ്ലോകമുണ്ട്. രചയിതാവ് ആരെന്നറിയില്ല. ഒരു ബ്രാഹ്‌മണനായിരിക്കും എന്ന് ന്യായമായും അനുമാനിക്കാം.
ഇത് പ്രാചീന ഭാരതീയ സങ്കല്പം. ഇതര മതസ്ഥര്‍ക്കും, ദേശീയര്‍ക്കും ഇതേ നിലപാടായിരിക്കും. ഒരേയൊരു സത്യം തന്റേത് മാത്രം എന്ന്. സതൈ്യകമതം- സത്യമായ ഒരേയൊരു മതം തന്റേത് മാത്രമാണ് എന്ന്. ഇതര മതസ്ഥര്‍ക്കും ഇതേ നിലപാടായിരിക്കും. ഒരേയൊരു സത്യം തങ്ങളുടേത് എന്ന്.
അന്യമതക്കാര്‍ ഈ വാദം വകവെച്ചു കൊടുക്കുകയില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഉത്തര്‍പ്രദേശിലെ ഒരു പാസ്റ്റര്‍ (മതപ്രഭാഷകന്‍)ക്കെതിരെ ക്രിമിനല്‍ക്കേസ് ഫയല്‍ ചെയ്യാന്‍ ഇടയാക്കിയത്.
ക്രിസ്തുമതം മാത്രമാണ് -അത് ഒന്ന് മാത്രം- ഒരേയൊരു സത്യമതം എന്ന് ഫാദര്‍ വിനീത് വിന്‍സെന്റ് പേരേര പ്രസംഗിച്ചു. ഇത് കുറേ കടന്ന അവകാശവാദം. ഇതര മതസ്ഥരെ താഴ്ത്തിക്കെട്ടുന്ന നിലപാട്. മറ്റ് മതങ്ങളെല്ലാം കള്ളമതങ്ങള്‍ എന്നാണല്ലോ പാസ്റ്റര്‍ വിനീത് വിന്‍സെന്റ് പേരേര പറയാതെ പറയുന്നത്. കള്ളമതക്കാര്‍ എന്ന്!
ഇതരമതക്കാരെ അപമാനിക്കുന്ന പാസ്റ്റര്‍ക്കെതിരെ പരാതി ഉയര്‍ന്നു. സാമുദായിക സംഘര്‍ഷമുണ്ടാകും എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എന്തുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട പാസ്റ്റര്‍ കോടതിയെ സമീപിച്ചു. പാസ്റ്റര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി അത് ശരിവെച്ചില്ല. പാസ്റ്റര്‍ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. ജസ്റ്റീസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.(വാര്‍ത്ത: മാതൃഭൂമി 11-04-2026).
സുപ്രീംകോടതി എന്ത് പറയുന്നു എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. പാസ്റ്റര്‍ പറഞ്ഞത് ശരിയോ, തെറ്റോ?
അലഹബാദ് ഹൈക്കോടതിയുടെ അഭിപ്രായത്തില്‍ പാസ്റ്റരുടെ പ്രസംഗം തെറ്റ്. ക്രൈസ്തവേതര മതങ്ങളെ, മതവിശ്വാസികളെ അവമതിക്കുന്നത്. അവര്‍, (ക്രൈസ്തവരല്ലാത്തവര്‍), പാസ്റ്ററെയും അനുയായികളെയും ചോദ്യം ചെയ്യും. കായികമായിത്തന്നെ എതിര്‍ക്കും. സാമുദായിക സംഘര്‍ഷം രാജ്യത്തെ കലുഷിതമാക്കും. അത് തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം.
പാസ്റ്ററുടെ പ്രസംഗത്തിനെതിരെ പരാതിപ്പെട്ടത് ആരാണെന്ന് വാര്‍ത്തയില്‍ കാണുന്നില്ല. പരാതി ലഭിക്കാതെ പൊലീസ് സ്വമേധയാ ക്രിമിനല്‍ക്കേസെടുക്കുമോ? അതും മതപരമായ കാര്യത്തില്‍? നമ്മുടെ സര്‍ക്കാരിന് മതപക്ഷപാതമില്ലല്ലോ. മത നിരപേക്ഷരാഷ്ട്രം എന്നല്ലേ അവകാശപ്പെടുന്നത്. എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമല്ല. ഭരണഘടനാസഭയില്‍ (കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി) മത നിരപേക്ഷത എന്തെന്ന് നിര്‍വചിക്കേണ്ടതായിരുന്നു. സഭാംഗങ്ങള്‍ വ്യത്യസ്ത അഭപ്രായക്കാരായിരുന്നു. അന്നത്തെ അവിവേകത്തിന്റെ അനന്തര ഫലം ഇന്നും അനുഭവിക്കുന്നു.
ക്രിസ്തുമതം ആണ് സത്യമതം എന്ന് പാസ്റ്റര്‍. അല്ല എന്ന് വിശ്വസിക്കുന്നവരാണ് ചോദ്യം ചെയ്ത് കേസ് കൊടുത്തത്. കോടതി എങ്ങനെയാണ് തെറ്റും ശരിയും പരിശോധിക്കുക? രക്ത പരിശോധന പോലെ, ഡി എന്‍ എ ടെസ്റ്റുപോലെ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? കേസ് പരിഗണിക്കുന്ന ന്യായാധിപന്മാരുടെ വ്യക്തിപരമായ വിശ്വാസം വിധിയെ ബാധിക്കുകയില്ലേ? ജഡ്ജിമാരുടെ മുന്‍ വിധികള്‍? അങ്ങനെ പറയുന്നത് (ജഡ്ജിമാര്‍ക്ക് മുന്‍വിധികളുണ്ട് എന്ന്) കോടതി അലക്ഷ്യമാകുമോ?
ജഡ്ജിമാര്‍ എന്ത് പറഞ്ഞാലും ചെയ്താലും അതിനെതിരെ നടപടിയെടുക്കാന്‍ പാടില്ല. സാമ്പത്തിക ക്രമക്കേട്, പണാഹരണം, കണക്കില്‍പ്പെടാത്ത പണം കൈവശം വെയ്ക്കല്‍- ലൈംഗികാതിക്രമം പോലും- ഇതൊന്നും തന്നെ ജഡ്ജിമാര്‍ ചെയ്തു എന്ന് ആരോപിച്ച് നിയമ നടപടിയെടുക്കാന്‍ പാടില്ലത്രേ. അഥവാ, ഇങ്ങനെയൊരാരോപണമുണ്ടായാല്‍ നടപടിക്രമം വേറെ. ഇംപീച്ച്മെന്റ്; പാര്‍ലിമെന്റംഗങ്ങളാണ് ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങളുടെ ശരിയും തെറ്റും നിര്‍ണ്ണയിക്കേണ്ടത്. പാര്‍ലിമെന്റംഗങ്ങള്‍ക്ക് നിയതമായ നീതി ന്യായ പരിജ്ഞാനം- അക്ഷരാഭ്യാസം പോലും ഉണ്ടാകണമെന്നില്ല. അവരാണ് ന്യായാന്യായ പരിശോധന നടത്തേണ്ടത്!
ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം (ഡ്രാഫ്റ്റ്) തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബി ആര്‍ അംബേദ്ക്കറോട് ആരോ പറഞ്ഞുപോലും. ആനയെപ്പോലെയുണ്ടല്ലോ ഈ ഭരണഘടന. അദ്ദേഹം അത് ഒരു അംഗീകാരമായി കണ്ട് പ്രതികരിച്ചു. അതേ; ആന തന്നെ എന്ന്.
അന്ധഹസ്തി ന്യായം എന്നൊരു ശൈലിയുണ്ടല്ലോ. കുരുടന്മാര്‍ ആനയെ കണ്ടത് പോലെ!
സതൈ്യകമതം -അത് ഏത്? സത്യമായ ഒരേയൊരു മതം? അതൊരു മിഥ്യയോ?







