മാലിയിലെ ഭീകരാക്രമണം; പ്രതിരോധ മന്ത്രിയും രണ്ടാം ഭാര്യയും പേരക്കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ പ്രതിരോധ മന്ത്രി സദിയോ കമാറയും കുടുംബവും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മാലിയുടെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള മന്ത്രിയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് കുടുംബം കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് സദിയൊ കാമറയെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് ഈസ ഉസ്മാന്‍ കൗലിബാലി അറിയിച്ചു. ആക്രമണത്തില്‍ സദിയോ കമാറയുടെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.

ചാവേറാക്രമണത്തില്‍ മന്ത്രിയുടെ വസതി പൂര്‍ണ്ണമായും തകരുകയും സമീപത്തെ പള്ളി നശിക്കുകയും ചെയ്തു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നിരവധി പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് സദിയൊ കാമറയ്ക്ക് നേരെയുണ്ടായ ആക്രമണവും. ആക്രമണകാരികള്‍ക്ക് നേരെ മന്ത്രി വെടിയുതിര്‍ക്കുകയും ചിലരെ വധിക്കുകയും ചെയ്തുവെങ്കിലും, ഗുരുതരമായി പരിക്കേറ്റ സദിയോ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാല്‍, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമണങ്ങള്‍ നടന്നത്. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചിട്ടുണ്ട്.

ജെ.എന്‍.ഐ.എമ്മും തുവാരെഗ് വിമതരുടെ സഖ്യമായ എഫ്.എല്‍.എയും സംയുക്തമായാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. 2020ല്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിത്. ഞായറാഴ്ചയും ആക്രമണങ്ങള്‍ തുടര്‍ന്നതായി റോയിട്ടേഴ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ ഭീകരതയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മാലിയില്‍ നടന്ന ആക്രമണങ്ങളില്‍ ഐക്യരാഷ്ട്രസഭ അപലപിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം അല്‍-ഖ്വയ്ദ അനുബന്ധ സംഘടനയും ടുവാരെഗ് വിമതരും ഏറ്റെടുത്തു. സൈനിക നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കലാപകാരികള്‍ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനുകളില്‍ ഒന്നാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page