പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; 6 പേര്‍ക്ക് പരിക്ക്; അപകടം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. 232 യാത്രക്കാരുമായി പുറപ്പെട്ട സ്വിസ് എയര്‍ വിമാനത്തിന്റെ എന്‍ജിനാണ് തീപിടിച്ചത്. വിമാനത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

റണ്‍വേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് അറിയുന്നത്. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെ പൈലറ്റ് നിര്‍ത്തി. പിന്നാലെ യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരും മറ്റ് യാത്രക്കാരും സുരക്ഷിതരാണ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ഡെല്‍ഹി വിമാനത്താവളത്തിലെ 28-ാം നമ്പര്‍ റണ്‍വേ താല്‍ക്കാലികമായി അടച്ചു. യാത്രക്കാര്‍ക്ക് താമസ സൗകര്യവും പകരം യാത്രാ സംവിധാനങ്ങളും ഒരുക്കി വരുന്നതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page