ബിജെപിയില്‍ ചേര്‍ന്ന എംപിമാരുടെ വസതിക്ക് മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എഎപി രാജ്യസഭാ എംപിമാരുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹര്‍ഭജന്‍ സിംഗ്, അശോക് മിത്തല്‍, രജീന്ദര്‍ ഗുപ്ത എന്നിവരുടെ വസതിക്ക് മുന്നിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ലുധിയാനയിലും ജലന്ധറിലും പ്രകടനങ്ങള്‍ നടന്നു. നേതാക്കള്‍ പഞ്ചാബിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ചിലര്‍ എംപിമാരുടെ വസതികളുടെ അതിര്‍ത്തി ചുവരുകളില്‍ രാജ്യദ്രോഹി എന്നെഴുതി. പഞ്ചാബ് ദേ ഗദ്ദാര്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ബിജെപി പാര്‍ട്ടിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. 2027 ല്‍ പഞ്ചാബില്‍ എഎപി വീണ്ടും അധികാരത്തില്‍ വരുമെന്നും ഇവര്‍ പറഞ്ഞു.

രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരുള്‍പ്പെടെ ഏഴ് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടി വിട്ടതോടെ ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയിലായി. എ.എ.പി അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും ദേശീയ താല്‍പ്പര്യങ്ങളെക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നുവെന്നാണ് പാര്‍ട്ടി വിട്ടശേഷം രാഘവ് ഛദ്ദ ആരോപിച്ചത്. പാര്‍ട്ടി ഇപ്പോള്‍ താന്‍ ഒരിക്കല്‍ പിന്തുണച്ച തത്വങ്ങളുമായി യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരാണ് ഏഴ് പേരടങ്ങുന്ന സംഘത്തിലെ മറ്റ് നാല് പാര്‍ലമെന്റ് അംഗങ്ങള്‍.

പാര്‍ട്ടി വിട്ട എംപിമാര്‍ പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. രാജ്യദ്രോഹികള്‍ എന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇവരെ വിശേഷിപ്പിച്ചത്. ഏഴ് എംപിമാരില്‍ ആറ് പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്.

ലുധിയാനയിലെ ഗുപ്തയുടെ വസതിക്ക് പുറത്ത് എഎപി പഞ്ചാബ് യൂത്ത് വിംഗ് ആക്ടിംഗ് പ്രസിഡന്റ് പര്‍മീന്ദര്‍ ഗോള്‍ഡി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. അതേസമയം, പാര്‍ട്ടി വിട്ട ഏഴ് എംപിമാരെ ഉപരിസഭയില്‍ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റിനും കത്തെഴുതുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page