സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

കാസര്‍കോട്: കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ഒന്‍പതു വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയില്‍ പിടിയില്‍. മലപ്പുറം, പൂക്കോട്ടുപാടം, കരുളായിലെ ചെട്ടിയില്‍ സ്വദേശി തെക്കും പുറത്തു ജമാലുദ്ദീ(50)നെയാണ് നിലമ്പൂര്‍ ഡിവൈ. എസ്. പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൈവളിഗെയില്‍ ഒളിവില്‍ താമസിച്ച് ടാപ്പിംഗ് ജോലി ചെയ്തു വരികയായിരുന്നു ജമാലുദ്ദീന്‍. ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് സംഘം പൈവളിഗെയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തുകൊണ്ടുപോയത്.
2017 ഏപ്രില്‍ 23ന് ബന്ധുവും അയല്‍വാസിയുമായ ഹസീനയെന്ന സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ജമാലുദ്ദീന്‍ ആണ് തീകൊളുത്തിയതെന്നു ഹസീന മരണമൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജമാലുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. വിചാരണ തുടങ്ങാനിരിക്കെയായിരുന്നു മുങ്ങല്‍. അതിനു ശേഷം വിവിധ സ്ഥലങ്ങളില്‍ വേഷം മാറിയും പേരുമാറ്റിയും ഒളിവില്‍ കഴിഞ്ഞ ജമാലുദ്ദീന്‍ രണ്ടുവര്‍ഷം മുമ്പാണ് പൈവളിഗെയില്‍ ടാപ്പിംഗ് ജോലിക്കായി എത്തിയത്. പ്രതി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എവിടെയോ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് സംഘം തോട്ടം മേഖലയില്‍ രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page