ആം ആദ്മി പാര്‍ട്ടി വിട്ടുപോയ എംപിമാരെ പച്ചക്കറി ചേരുവകളോട് ഉപമിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍

ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ എംപിമാരെ പച്ചക്കറി ചേരുവകളോട് ഉപമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. എക്‌സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി എംപിമാര്‍ക്കെതിരെ തിരിഞ്ഞത്. രാഘവ് ഛദ്ദ, അശോക മിത്തല്‍, സന്ദീപ് പഥക്ക്, ഹര്‍ഭജന്‍ സിംഗ്, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

ഇതില്‍ രാഘവ് ഛദ്ദ, അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ആകെ ഏഴ് എംപിമാരാണ് പാര്‍ട്ടി വിട്ടത്. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കൂടുതല്‍ എംപിമാര്‍ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു.

ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവപ്പൊടി, ചുവന്ന മുളക്, കുരുമുളക്, മല്ലിയില എന്നീ ഏഴ് ചേരുവകള്‍ പച്ചക്കറികളെ രുചികരമാക്കുന്നുണ്ടെങ്കിലും അവയക്ക് ഒരിക്കലും സ്വയം ഒരു ‘പച്ചക്കറി’ ആകാന്‍ കഴിയില്ലെന്നാണ് ഭഗവന്ത് മന്‍ പറഞ്ഞത്. എംപിമാര്‍ പാര്‍ട്ടി വിട്ടതോടെ എഎപിയില്‍ വന്‍ പിളര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.

അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന കെജ്രിവാള്‍ പാര്‍ട്ടി ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് വ്യതിചലിച്ചതായി രാഘവ് ഛദ്ദ ആരോപിച്ചു. തന്റെ ചോരയും നീരും നല്‍കി വളര്‍ത്തിയ പ്രസ്ഥാനം ഇപ്പോള്‍ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നുവെന്നും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ തെറ്റായ പാര്‍ട്ടിയിലെ ശരിയായ മനുഷ്യനാണെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page