നടന്‍ അക്ഷയ് കുമാറിന്റെ 13 കാരിയായ മകളോട് ‘നഗ്ന ചിത്രങ്ങള്‍’ ആവശ്യപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ 13 കാരിയായ മകളോട് ‘നഗ്ന ചിത്രങ്ങള്‍’ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രതി നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര സൈബര്‍ വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന സൈബര്‍ ബോധവത്ക്കരണ പരിപാടിയില്‍ വച്ചാണ് അക്ഷയ് കുമാര്‍ തന്റെ മകള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. പിന്നാലെയാണ് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടക്കത്തില്‍ മകളോട് നല്ല രീതിയില്‍ പെരുമാറിയ ആള്‍ പെട്ടെന്ന് ട്രാക്ക് മാറ്റുകയും നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് നടന്‍ പറഞ്ഞു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്ത് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് സ്‌കൂളുകളില്‍ ആഴ്ചതോറുമുള്ള ക്ലാസുകള്‍ നടത്തണമെന്ന് അക്ഷയ് കുമാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് അഭ്യര്‍ത്ഥിച്ചു. ‘ഈ കുറ്റകൃത്യം തെരുവ് കുറ്റകൃത്യങ്ങളേക്കാള്‍ വലുതായിക്കൊണ്ടിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും നടന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്. സാങ്കേതിക വിശകലനത്തിലൂടെയും ഡിജിറ്റല്‍ ട്രാക്കിംഗിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റ് കുട്ടികളുമായും സമാനമായരീതിയില്‍ പെരുമാറിയിരുന്നോ എന്നറിയാന്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.സൈബര്‍ അവബോധം വളര്‍ത്തുന്നതിനായി മുംബൈയിലെ ഒരു കോളേജില്‍ അടുത്തിടെ സംഘടിപ്പിച്ച പരിപാടിയില്‍ അക്ഷയ് കുമാറിന്റെ ഈ ക്ലിപ്പ് പ്ലേ ചെയ്തിരുന്നു. ഡിജിറ്റല്‍ ലോകത്തിന്റെ അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും സുരക്ഷിതമായ ഡിജിറ്റല്‍ രീതികളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നടപടികള്‍, സോഷ്യല്‍ മീഡിയയിലെ സുരക്ഷ, ഫിഷിംഗ് ആക്രമണങ്ങള്‍, സൈബര്‍ ഭീഷണി എന്നിവ സെഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page