മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുഴകളിലെ മണല്‍ കൊള്ളയ്ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്.
ഉപ്പള- കളായി പുഴയില്‍ നിന്നു മണല്‍ മോഷ്ടിച്ചു കടത്തിയതിനു രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. അമ്മിനടുക്കം കല്ലിഗെ ഹൗസിലെ സദാനന്ദ (55), ടിപ്പര്‍ ലോറി ഡ്രൈവര്‍ ബഡാജെ, കനില ഹൗസിലെ സക്കീര്‍ (31) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി അറസ്റ്റു ചെയ്തത്. മണല്‍ കടത്തിനു ഉപയോഗിച്ച ടിപ്പര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അനധികൃതമായി മണല്‍ വാരല്‍ നടത്തുന്നവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് നേരത്തെ താക്കീത് നല്‍കിയിരുന്നു. ഇതു വകയ്ക്കാതെ മണല്‍ കടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. വരും ദിവസങ്ങളില്‍ മണല്‍ കൊള്ളക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു.
മൊഗ്രാല്‍ പുഴയില്‍ ദേശീയ പാതയിലെ പാലത്തിനു സമീപത്ത് പുഴയില്‍ മുക്കി വച്ച ആറ് തോണികള്‍ പൊലീസ് ജെസിബി ഉപയോഗിച്ച് തകര്‍ത്തു. അനധികൃത മണല്‍വാരലിനെതിരെ താക്കീതു നല്‍കിയിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കുമ്പള എസ്‌ഐമാരായ സി സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ തോണികള്‍ നശിപ്പിച്ചത്.

ആരിക്കാടി കെ.പി റിസോര്‍ട്ടിനു സമീപത്തു ഷിറിയ പുഴയില്‍ നിന്നും മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മണല്‍ വാരിയതിനും കടത്തിയതിനും 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page