കാസർകോട് : വ്യാജവാർത്തകൾ നൽകി തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കം നടക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു.
നടക്കാത്ത മണ്ഡലം അവലോകന യോഗത്തിൽ ബിജെപി കാസർകോട് ജില്ലാ നേതൃത്വത്തിനും തനിക്കുമെതിരെ രൂക്ഷ വിമർശനമുയർന്നുവെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. വോട്ട് ചേർക്കൽ പ്രവർത്തനം ഏകോപിപ്പിച്ചില്ലെന്നും മകൻ്റെ വോട്ട് പോലും ചേർത്തില്ലെന്നുമുള്ള ആരോപണം തികച്ചും ബാലിശമാണ്. വോട്ട് ചേർക്കൽ പ്രവർത്തനത്തിന് വേണ്ട എല്ലാ സഹായങ്ങളും ജില്ലാ കമ്മിറ്റി എല്ലാ മണ്ഡലം കമ്മറ്റികൾക്കും ചെയ്തിട്ടുണ്ട്. 2 മാസം മുൻപ് മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതല ഒഴിഞ്ഞെന്ന വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾ തന്നെയാണ് ഈ വ്യാജപ്രചാരണത്തിനും പിന്നിലെന്ന് അശ്വിനി പറഞ്ഞു.
ഒരു സ്ത്രീ എൻഡിഎ കാസർകോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായതും ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റായതും തദ്ദേശതെരഞ്ഞെടുപ്പിൽ 5 പഞ്ചായത്തുകളിൽ ഭരണം നേടി ബിജെപി കരുത്ത് തെളിയിച്ചതും മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച രാഷ്ട്രീയക്കാർക്ക് സഹിക്കുന്നില്ല. വ്യാജവാർത്തകൾ നൽകി വ്യക്തിഹത്യ നടത്താനും പാർട്ടിയെ അപകീർത്തിപ്പെടുത്താനും ഏതാനും മാധ്യമപ്രവർത്തകരും മാധ്യമങ്ങളും കുറെ നാളുകളായി ശ്രമം തുടരുകയാണ്. ഇതിനെതിരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന് പരാതി നൽകുമെന്നും മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും എംഎൽ അശ്വിനി പ്രതികരിച്ചു.






