ന്യൂഡല്‍ഹി: ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മുമ്പ് ജോലിക്ക് നിന്നിരുന്ന രാഹുല്‍ മീണ (19) യാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മീണയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 6:49 നും 7:20 നും ഇടയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയത്താണ് പ്രതി കൊലപാതകം നടത്തിയത്. പീഡന ശ്രമം യുവതി എതിര്‍ത്തപ്പോള്‍ വടികൊണ്ട് അടിക്കുകയും മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സ്പെയര്‍ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ വീടിനുള്ളില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു.
22 കാരിയായ ഐ.ഐ.ടി ബിരുദധാരിയാണ് 19 കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പീഡിപ്പിച്ച ശേഷം വീട്ടിലെ ബയോമെട്രിക് ലോക്കര്‍ തുറക്കാനായി പെണ്‍കുട്ടിയുടെ വിരലടയാളം ഉപയോഗിക്കാനും 19 കാരന്‍ ശ്രമിച്ചു. ഇതിനായി പെണ്‍കുട്ടിയെ വീടിന്റെ മുകള്‍ നിലയിലുള്ള സ്റ്റഡി റൂമില്‍ വെച്ച് ആക്രമിച്ച ശേഷം അബോധാവസ്ഥയിലാക്കി താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.
തുടര്‍ന്ന് ലോക്കര്‍ ഇരിക്കുന്ന മുറിയിലെത്തിച്ച് രക്തം പുരണ്ട വിരലുകള്‍ ഉപയോഗിച്ച് ബയോമെട്രിക് സിസ്റ്റം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഷീന്‍ വിരലടയാളം തിരിച്ചറിഞ്ഞില്ല. തുടര്‍ന്ന് ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയും ആഭരണങ്ങളുമായി പ്രതി കടന്നുകളഞ്ഞു.
എട്ട് മാസത്തോളം ഈ വീട്ടില്‍ ജോലി ചെയ്തിരുന്ന പ്രതിയെ പെരുമാറ്റദൂഷ്യം കാരണമാണ് ഒന്നര മാസം മുമ്പ് പിരിച്ചുവിട്ടത്. ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമയായ ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ അല്‍വാറിലും ഇയാള്‍ സമാനമായ പീഡനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൃത്യത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ ദ്വാരകയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.







