ചെന്നൈ / കൊല്‍ക്കത്ത: തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ചെന്നൈ നഗരത്തില്‍ താരതമ്യേന സാവധാനത്തിലാണ് പോളിംഗ് തുടങ്ങിയതെങ്കിലും ഗ്രാമീണ മേഖലകളില്‍ വോട്ടര്‍മാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യുവ വോട്ടര്‍മാരും വനിതാ വോട്ടര്‍മാരും ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.
സിനിമ- രാഷ്ട്രീയ മേഖലകളിലുള്ളവര്‍ രാവിലെ തന്നെ ബൂത്തിലെത്തി വോട്ടു ചെയ്തു. നടിയും ബിജെപി നേതാവുമായ ഖുശ്ബു കുടുംബത്തിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ടി.വി.കെ അധ്യക്ഷന്‍ വിജയ്, കമല്‍ ഹാസന്‍, രജനികാന്ത്, അജിത്, തൃഷ, സംഗീതജ്ഞന്‍ ഇളയരാജ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ യന്ത്ര തകരാറുമൂലം പോളിങ് വൈകുന്നുണ്ട്. തമിഴ്നാട്ടില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്ന ആവശ്യവുമായി വിജയ് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ആകെ 4023 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എല്‍.മുരുകന്‍, തുടങ്ങിയവര്‍ ചെന്നൈയിലും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബിജെപി നേതാവ് കെ.അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്. തമിഴ്‌നാട്ടില്‍ രാവിലെ 9 മണി വരെ 17.69% പോളിങ്. 2021ലെ തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 13.49%.
ബംഗാളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് 16 ജില്ലകളിലായി 152 നിയമസഭാ മണ്ഡലങ്ങളിലാണ്. ഏകദേശം 3.6 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒന്നാം ഘട്ടത്തില്‍ ആകെ 1,478 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 2,407 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യവും ശക്തമായി രംഗത്തുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-ന് നടക്കും. സുവേന്ദു അധികാരി, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ജനവിധി തേടുന്നു. ബംഗാളില്‍ ഒമ്പതു മണി വരെ 18.73 ശതമാനമാണ് പോളിങ് ആണ് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവും നന്ദിഗ്രാം, ഭവാനിപൂര്‍ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി നന്ദിഗ്രാമിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് അദ്ദേഹത്തിന്റെ മുഖ്യ എതിരാളി.
ബിജെപിക്ക് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പ്രധാനമന്ത്രി നടത്തിയ പ്രചാരണം തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി ക്യാംപിന്റെ പ്രതീക്ഷ. അതേസമയം, ബംഗാള്‍ വികാരം ഉയര്‍ത്തി ആഴ്ചകളോളം മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും നടത്തിയ റാലികള്‍ വോട്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുര്‍ഷിദാബാദിലെ നൗഡയില്‍ പെട്രോള്‍ ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്യാന്‍ എത്തിയ ആളുകള്‍ക്കിടയിലേക്ക് ബോംബ് എറിയുകയായിരുന്നുവെന്നാണ് അറിയുന്നത്. നന്ദിഗ്രാം ഉള്‍പ്പെടെയുള്ള സുപ്രധാന മണ്ഡലങ്ങളിലും പോളിംഗ് പുരോഗമിക്കുകയാണ്.







