കരുണയുള്ളവരേ മിഴി തുറക്കൂ…; പക്ഷാഘാതം മൂലം ശരീരം തളര്‍ന്ന് ദുരിതകിടക്കയിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

കാസര്‍കോട്: ഗള്‍ഫിലെ ജോലിക്കിടയില്‍ പക്ഷാഘാതം ഉണ്ടായി ശരീരം പൂര്‍ണ്ണമായും തളര്‍ന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പെരിയ, ആയമ്പാറ, കാനത്തിങ്കാലിലെ പരേതനായ നാരായണന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ രവി (42)യാണ് ഉദാരമതികളുടെ സഹായം തേടുന്നത്. രവിക്ക് വിദഗ്ദ്ധ ചികിത്സ നൽകി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.

നിര്‍ധന കുടുംബത്തിന്റെ അത്താണിയായ രവി കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫില്‍ എത്തിയത്. കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഭാര്യയും രണ്ടു കുട്ടികളും ഉള്ള രവിയെ പക്ഷാഘാതം പിടികൂടിയത്. ദിവസങ്ങളോളം ഗള്‍ഫില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
വിദഗ്ദ്ധ ചികിത്സ നല്‍കിയാല്‍ രവിയെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ വലിയ തുക ചികിത്സാ ചെലവായി വരും. ഇതു താങ്ങാനുള്ള ശേഷി രവിക്കോ, കുടുംബത്തിനോ ഇല്ല. ഉദാരമതികള്‍ നല്‍കുന്ന സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി കെ സബിത, വാര്‍ഡ് മെമ്പര്‍ കെ ഗംഗാധരന്‍, ടി ഷാജീവന്‍ എന്നിവര്‍ ഭാരവാഹികളായുള്ള ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായങ്ങള്‍ കേരള ഗ്രാമീണ്‍ ബാങ്ക് പെരിയ ബസാര്‍ ശാഖയില്‍ ആരംഭിച്ച 40442101070671 എന്ന അക്കൗണ്ടിലേയ്ക്ക് അയക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഐ എഫ് സി കോഡ് കെ എല്‍ ജി ബി 0040442.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page