ലക്നൗ: പുതിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. പുതുതായി വാങ്ങിയ ഷൂസ് ആരാണ് ആദ്യം ധരിക്കുന്നത് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തതാണ് ഷൂസ്. ഷൂസ് കയ്യില്‍ കിട്ടിയതോടെ അത് ആര് ആദ്യം ധരിക്കും എന്നതായി ചോദ്യം. ഇരുവരും ആദ്യം ധരിക്കാന്‍ വാശി പിടിച്ചതോടെയാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് പ്രകോപിതനായ ജ്യേഷ്ഠ സഹദരന്‍ കത്രിക എടുത്ത് ഇളയ സഹോദരനെ ആക്രമിച്ചു, തലയിലും കൈകളിലും നിരവധി കുത്തേറ്റ അനുജന്‍ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മരണം സംഭവിച്ചു.
രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.







