മണിപ്പൂരില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി

ഇംഫാല്‍: മണിപ്പൂരില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 5:59 ഓടെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. ശക്തമായ ഭൂമി കുലുക്കം ഉണ്ടായതോടെ ഉറങ്ങിക്കിടന്ന പ്രദേശവാസികള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി. ഉപരിതലത്തില്‍ നിന്ന് 62 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

മ്യാന്‍മറില്‍ പുലര്‍ച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെയാണ് മണിപ്പൂരില്‍ ഉണ്ടായതെന്ന് എന്‍സിഎസ് വ്യക്തമാക്കി. മ്യാന്‍മറില്‍ രാവിലെ 05:38 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തായാണ് മണിപ്പൂരില്‍ ഭൂകമ്പം ഉണ്ടായ കാംജോങ്ങ് സ്ഥിതി ചെയ്യുന്നത്.
കൊളംബിയയിലും ഇക്വഡോറിലും രാവിലെ 7:52 ന് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

കഴിഞ്ഞ ദിവസം ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. അധികൃതര്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page