4 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ്; പ്രതിയായ അമ്മാവനെ പൊലീസ് വെടിവച്ച് കൊന്നു

ഗാസിയാബാദ്: നാലു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. ഏപ്രില്‍ 11 ന് യുപിയിലെ ഷാലിമാര്‍ ഗാര്‍ഡനില്‍ സഹോദരിയുടെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതദേഹം 25 കാരനായ ഇയാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ വച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഫോറന്‍സിക് തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി ഗാസിയാബാദ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആണ് ഇയാള്‍ കൊല്ലപ്പെട്ടത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ലോണിയിലെ ബന്ത്‌ലയ്ക്ക് സമീപം കൂട്ടാളികളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പ്രതി. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രതികള്‍ വെടിയുതിര്‍ക്കുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് തിരിച്ച് നടത്തിയ വെടിവയ്പ്പില്‍ പ്രതിക്ക് വെടിയേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

മുസാഫര്‍നഗര്‍ സ്വദേശിയായ പ്രതി അഞ്ച് മാസം മുമ്പാണ് ഗാസിയാബാദില്‍ എത്തിയത്. ഏപ്രില്‍ 11 ന് ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുപോയതായി പറയുന്നു. ഫോറന്‍സിക് വിദഗ്ധരും പൊലീസും നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ വളകള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ തുടങ്ങിയ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹമെടുത്ത് ഷാലിമാര്‍ ഗാര്‍ഡനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ ഒളിപ്പിച്ച ശേഷം പ്രതി ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page