വനിതാസംവരണ ബില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷനടപടി പ്രതിഷേധാര്‍ഹം: ബിജെപി

കാസർകോട്:വനിതാസംവരണ ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ നടപടി പ്രതിഷേധാര്‍ഹവും സ്ത്രീവിരുദ്ധ മനോഭാവത്തിന് പ്രത്യക്ഷ ഉദാഹരണവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. ബിജെപി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അശ്വിനി.
രാജ്യത്തെ സ്ത്രീജനങ്ങളോടുള്ള വഞ്ചനയും പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവവുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കപ്പെട്ട, സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ അടയാളപ്പെടുത്തേണ്ടിയിരുന്ന ഏപ്രില്‍ 16, 17 തീയതികളില്‍ പാര്‍ലമെന്റിനു അകത്തും പുറത്തും രാജ്യവിരുദ്ധ – സ്ത്രീവിരുദ്ധ നിലപാടുകളും പരാമര്‍ശങ്ങളുമാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ബാലാക്കോട്ട്, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ സംഭവങ്ങളെ ജാലവിദ്യ എന്നാണ് കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. വനിതാ സംവരണ ബില്‍ പാസായാല്‍ ജനാധിപത്യം അവസാനിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത്. കനിമൊഴി ആകട്ടെ, മമതാ ബാനര്‍ജി ആകട്ടെ പ്രതിപക്ഷത്തെ പ്രമുഖ വനിതാ നേതാക്കള്‍ പോലും സ്ത്രീസമൂഹത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്

നിലവിലെ നാരി ശക്തി വന്ദന്‍ നിയമപ്രകാരം 2026 സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും ശേഷമേ വനിതാ സംവരണം നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
ഈ പ്രക്രിയകള്‍ക്ക് സമയമെടുക്കുമെന്നതിനാല്‍, 2029-ലെ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനാണ് ഈ പുതിയ ബില്ലുകള്‍ കൊണ്ടുവന്നത്. 100 ശതമാനം സാക്ഷരതയും സ്ത്രീസമത്വവും പുരോഗമനവും അവകാശപ്പെടുന്ന കേരളത്തില്‍ നിന്നും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നത് കേരളം മാറി മാറി ഭരിച്ച കോണ്‍ഗ്രസ്, സിപിഎം പാർട്ടികളുടെ സ്ത്രീ വിരുദ്ധ നിലപാടിന് പ്രത്യക്ഷ ഉദാഹരണമാണ്- അവർ പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത,കാറഡുക്ക പഞ്ചായത്ത് പ്രസിഡൻ്റും ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റുമായ എം. ജനനി, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ബിജെപി ജില്ലാ സെക്രട്ടറിയുമായ അശ്വിനി കെ.എം, കുമ്പടാജെ ഞ്ചായത്ത് പ്രസിഡൻ്റ് യശോദ എൻ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രേമലത എസ്, അനിതാ നായിക്, മധൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും ജില്ലാ സെക്രട്ടറിയുമായ പുഷ്പ ഗോപാലൻ, ജില്ലാ ട്രഷറർ വീണ അരുൺ കുമാർ ഷെട്ടി, മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് കെ.എസ്. രമണി എന്നിവരും സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page