കുമ്പളയിൽ തീരദേശ റോഡ്-ലിങ്ക് റോഡുകൾ തകർച്ചയിൽ;ഒരു പതിറ്റാണ്ട് കാലമായി റീടാറിംഗ് ഇല്ല,തീരദേശ ജനത പ്രതിഷേധത്തിൽ

കാസർകോട്:കുമ്പള കോയിപ്പാടി-മൊഗ്രാൽ കൊപ്പളം തീരദേശ റോഡിന് ഒരു പതിറ്റാണ്ട് കാലമായി റീ- ടാറിങ്ങില്ല. റോഡിന്റെ പല ഭാഗത്തും തകർച്ചാ ഭീഷണി നേരിടുന്നു. ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകളുടെ സമീപത്തുകൂടി പോകുന്ന റോഡിന്റെ കര ഇടിച്ചിലും വ്യാപകമാണ്.കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ഗതാഗത തടസവും നേരിടുന്നുണ്ട്.

സംസ്ഥാന സർക്കാറിന്റെ ഹാർബർ എൻജിനീയറിങ് വകുപ്പാണ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2017- 18 വർഷത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. എട്ടുവർഷം പിന്നിട്ടിട്ടും റോഡിന്റെ നവീകരണ ജോലികൾ ഒന്നും നടത്തിയതുമില്ല. ഇത് റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.കുമ്പള കോയിപ്പാടി മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്കും, മത്സ്യത്തൊഴിലാളികൾക്കും തീരദേശ റോഡ് സംവിധാനം ഏറെ ഉപകാരപ്പെട്ടിരുന്നു. തീരദേശവാസികളുടെ യാത്രാദുരിതത്തിന്റെ ക്ലേശതകുറക്കുന്നതിനും റോഡ് ഏറെ ഉപകരിച്ചിരുന്നു. തീരദേശ റോഡ് യാഥാർത്ഥ്യമായതോടെ ഈ പ്രദേശങ്ങളിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിരവധി ലിങ്ക് റോഡുകളും ഉണ്ടായി.അവയും ഇപ്പോൾ തകർച്ചയെ നേരിടുന്നുണ്ട്.

റോഡുകൾ അഞ്ചുവർഷത്തിലൊരിക്കലെങ്കിലും റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. സംസ്ഥാന സർക്കാർ തീരദേശ ഹൈവേ നിർമ്മാണത്തിന് കോപ്പുകൂട്ടുമ്പോൾ ഇത്തരത്തിലുള്ള റോഡുകൾ നന്നാക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page