കുമ്പള, കൃഷ്ണ നഗറിനു സമീപത്ത്‌ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍; കസ്റ്റഡിയിലായത് ബോവിക്കാനം സ്വദേശി

കാസര്‍കോട്: സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്തെ അമീന്‍ സഫ്വാന്‍ എന്നയാളാണ് പിടിയിലായത്. വിദേശത്തേയ്ക്ക് കടക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ പൊലീസ് നേരത്തെ പുറത്തു വിട്ട നോട്ടീസ് പ്രകാരം യുവാവിനെ തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് ചെന്നൈയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

മാര്‍ച്ച് 30ന് രാത്രി 12ന് കുമ്പള- ബദിയഡുക്ക റോഡില്‍ കൃഷ്ണ നഗറിനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. കുമ്പള, മാട്ടംകുഴിയിലെ അഫ്സാന്‍ സഹദ് (19) ആണ് അക്രമത്തിനു ഇരയായത്. അഫ്സാനും സുഹൃത്ത് യാമിനും ഒരു ഹോട്ടലില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്ത് രണ്ടു കാറുകളിലായി എത്തിയ എട്ടംഗസംഘം സുഹൃത്തായ യാമിനെ വിളിച്ചു കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഫ്സാന്‍ ഫഹദ് ആക്രമണത്തിനു ഇരയായത്. ഇതിനിടയില്‍ യാമിന്‍ ഓടി രക്ഷപ്പെട്ടിരുന്നു.
സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുണ്ടങ്കേരടുക്കയിലെ മുഹമ്മദ് അനസ് പൊലീസ് മുമ്പാകെ ഹാജരായിരുന്നു. ഇയാള്‍ ഇപ്പോഴും റിമാന്റിലാണ്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടയിലാണ് അമീന്‍ സഫ്വാന്‍ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page