വൈശാഖി ഉത്സവത്തിനിടെ ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു

റോം: വൈശാഖി ഉത്സവത്തിനിടെ ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലെ കോവോയില്‍ വൈശാഖി ഉത്സവത്തിനായുള്ള ഒത്തുചേരലിനു ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണം എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഗുരുദ്വാര മാതാ സാഹിബ് കൗര്‍ ജിയുടെ മുന്നിലുള്ള സ്‌ക്വയറില്‍ വെച്ചാണ് ആക്രമണമെന്ന് ലാ സിസിലിയ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊവോ നിവാസിയായ രഗീന്ദര്‍ സിംഗ് (48), അഗ്‌നഡെല്ലോ നിവാസിയായ ഗുര്‍മിത് സിംഗ് (48) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വെടിയുതിര്‍ത്തശേഷം അക്രമി ഒരു കാറില്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 10ഓളം ഷെല്‍ കേസിങ്ങുകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അക്രമിയും ഇന്ത്യന്‍ വംശജനാണെന്നും ഇയാള്‍ സ്ഥിരമായി ഗുരുദ്വാരയില്‍ വരാറുണ്ടെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കി. അക്രമത്തില്‍ മൂന്നാമതൊരാള്‍ക്ക് കൂടി പരിക്കേറ്റതായും ഇയാളെ ആശുപത്രിയില്‍ എത്തിച്ചതായും ദൃക് സാക്ഷി പൊലീസിന് മൊഴി നല്‍കി. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം ഇയാള്‍ എന്തിനാണ് ഇന്ത്യക്കാര്‍ക്കെതിരെ നിറയൊഴിച്ചതെന്ന് വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page