ലോണ്‍ ആപ്പ് -ബ്ലേഡ് മാഫിയ ഭീഷണി; വടകരയില്‍ നിന്നു കാണാതായി ബേക്കല്‍, മൗവ്വലില്‍ എത്തിയ യുവാവ് പിന്നീട് എവിടെ പോയി?, ഉത്തരമില്ലാതെ അന്വേഷണ സംഘം

കാസര്‍കോട്: ലോണ്‍ ആപ്പ്- ബ്ലേഡ് മാഫിയാസംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് വടകരയില്‍ നിന്നു കാണാതായ 25 കാരന്‍ ബേക്കല്‍, മൗവ്വലില്‍ എത്തിയതായി വ്യക്തമായി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ രേഖപ്പെടുത്തിയ പ്രദേശത്ത് അരിച്ചുപെറുക്കിയിട്ടും യുവാവിനെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണ്ണാടകയിലേയ്ക്ക് വ്യാപിപ്പിച്ചു. വടകര, തറോപ്പൊയിലിലെ വാളാഞ്ഞിയില്‍ വിഷ്ണു പ്രകാശി (25)നെ ഏപ്രില്‍ 13ന് ആണ് കാണാതായത്. നാട് വിഷു ആഘോഷത്തിനു ഒരുങ്ങുന്നതിനിടയിലായിരുന്നു തിരോധാനം.
ലോണ്‍ ആപ്പില്‍ നിന്നു വിഷ്ണു വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി പറയുന്നു. എട്ടുമാസം മുമ്പായിരുന്നു ഇത്. അടുത്ത ചില ബന്ധുക്കളോട് വിഷ്ണു ഇക്കാര്യം പറഞ്ഞിരുന്നുവത്രെ. ഇതിനിടയില്‍ നാട്ടിലെ ചില ബ്ലേഡ് ഇടപാടുകാരില്‍ നിന്നു കടം വാങ്ങി. ഈ പണം തിരികെ ലഭിക്കുന്നതിനായി ബ്ലേഡുകാര്‍ ഫോണ്‍ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വിഷ്ണു നാടുവിട്ടതെന്നാണ് വീട്ടുകാരുടെ ആരോപണം.
വിഷ്ണുവിന്റെ തിരോധാനത്തില്‍ വടകര പൊലീസ് കേസെടുത്തിരുന്നു. കാണാതായ വിവരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്റെ ഫോണ്‍ ലൊക്കേഷന്‍ ഏറ്റവും ഒടുവില്‍ കാണിച്ചത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗവ്വലില്‍ ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസും നാട്ടുകാരും വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ക്വാര്‍ട്ടേഴ്‌സുകളിലാണ് പ്രധാനമായും അന്വേഷണം നടത്തിയത്. എന്നാല്‍ എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൗവ്വലില്‍ ലൊക്കേഷന്‍ കാണപ്പെട്ടതിനു ശേഷം വിഷ്ണു തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മംഗ്‌ളൂരുവിലേയ്ക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page