കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂരില്‍ തനിച്ചു താമസിച്ചിരുന്ന വീട്ടമ്മ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. കളത്തൂര്‍, അമേരിക്ക റോഡിലെ അബൂബക്കറിന്റെ ഭാര്യ ആമിന (70)യെ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സിമന്റ് ഷീറ്റിട്ട ചെറിയ വീട്ടിലായിരുന്നു ആമിന താമസിച്ചിരുന്നത്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടിനകത്ത് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍ കാണപ്പെട്ടതും വീടിന്റെ മുന്‍ ഭാഗത്തെയും പിന്‍ഭാഗത്തെയും വാതില്‍ തുറന്നിട്ട നിലയില്‍ കാണപ്പെട്ടതും സംശയത്തിനു ഇടയാക്കിയിരുന്നു. മരണവെപ്രാളത്തിനിടയിലായിരിക്കും വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയതെന്നു സംശയിക്കുന്നതായി കുമ്പള പൊലീസ് പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം കുമ്പോല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.






