കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത; മാനനഷ്ടക്കേസില്‍ ലേറ്റസ്റ്റ് പത്രാധിപരുടെ അപ്പീല്‍ സുപ്രിം കോടതി തള്ളി

കാഞ്ഞങ്ങാട്: മാനനഷ്ടക്കേസില്‍ കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് നല്‍കിയ അപ്പീല്‍ സുപ്രിം കോടതി തള്ളിക്കളഞ്ഞു.
ഈ കേസില്‍ കീഴ്‌ക്കോടതി വിധിച്ച പിഴത്തുക കെട്ടിവെയ്ക്കാന്‍ കോടതി രണ്ടു പ്രാവശ്യം നിര്‍ദ്ദേശം നല്‍കിയെങ്കിലും അതു പാലിക്കാന്‍ അരവിന്ദന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അപ്പീല്‍ തള്ളിയത്.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന ലീഗ് അംഗം ഹസീന താജുദ്ദീനെതിരെ അപമാനകരമായ വാര്‍ത്ത നല്‍കിയെന്ന കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയാണ് 2019ല്‍ അരവിന്ദനെ ശിക്ഷിച്ചത്. 2013ലാണ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന ഹസീനക്കെതിരെ ലൈംഗിക ചുവയുള്ള വാര്‍ത്ത ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചത്. തടവും പിഴയുമായിരുന്നു ശിക്ഷ. ഇതിനെതിരെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും അരവിന്ദന്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇരു കോടതികളും അപ്പീല്‍ തള്ളിക്കളയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അരവിന്ദന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു. ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ സുപ്രിം കോടതി ബഞ്ചാണ് അപ്പീല്‍ തള്ളിയത്. നിലവിലെ ശിക്ഷക്കു ശേഷവും ഹസീനക്കെതിരെ അശ്ലീലച്ചുവയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സമാനരീതിയില്‍ ആറിലധികം കേസുകള്‍ അരവിന്ദനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page