കൊച്ചി: കിടപ്പ് രോഗിയായ വൃദ്ധയുടെ മാല മോഷ്ടിച്ച കള്ളന് ഒടുവില്‍ മന:സ്താപം; വിഷുദിനത്തില്‍ മാല തിരികെ വച്ച് സ്ഥലം വിട്ടു. പനങ്ങാട് ശ്രീനാരായണപുരത്തിന് സമീപം വെളിപ്പറമ്പിലെ രാധ(75)യുടെ സ്വര്‍ണമാലയാണ് മോഷണം പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മാല മോഷണം പോയത്.
തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ വൃദ്ധയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് കടന്നുകളഞ്ഞത് കാണുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെയാണ് വിഷു ദിനത്തില്‍ രാവിലെ വീട്ടുപടിക്കല്‍ ഒരു കടലാസ് പൊതി ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് മോഷണം പോയ മാലയാണെന്ന് അറിയുന്നത്. നഷ്ടമായെന്ന് കരുതിയ സ്വര്‍ണമാല തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം.







