റിപ്പര്‍ ചന്ദ്രനു തൂക്കു കയര്‍ ലഭിച്ച കേസ് : ദൃക്സാക്ഷിയായ മഞ്ചേശ്വരം, വാമഞ്ചൂര്‍ സ്വദേശി വീട്ടിനകത്തു മരിച്ച നിലയില്‍

കാസര്‍കോട്: നാടിനെ വിറപ്പിച്ച റിപ്പര്‍ ചന്ദ്രനു തൂക്കു കയര്‍ ലഭിച്ച കേസില്‍ ദൃക്സാക്ഷിയായിരുന്ന ആളെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, വാമഞ്ചൂര്‍, ചെക്ക് പോസ്റ്റ്, ശാസ്താക്ഷേത്രത്തിനു സമീപത്തെ ബാലചന്ദ്ര(53)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസമായി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മംഗ്ളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
പരേതരായ നരസപ്പയ്യ ഹന്തെ -ഇന്ദിരാ ഹന്തെ ദമ്പതികളുടെ മകനായ ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായി ആയി ജോലി ചെയ്തു വരികയായിരുന്നു. മറ്റൊരു സഹോദരി: ഭാരതി.

റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയത് ബാലചന്ദ്രന്റെ മൊഴി പ്രകാരം

ഇപ്പോള്‍ മരണപ്പെട്ട ബാലചന്ദ്രന് 13 വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് നരസപ്പയ്യ ഹന്തയെയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പര്‍ ചന്ദ്രന്‍ തലയ്ക്കടിച്ചു കൊന്നത്. മാതാവ് ഇന്ദിര ഹന്തെയെ വധിക്കാനും ശ്രമം ഉണ്ടായിരുന്നു. തലക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം പിന്നീട് മരണപ്പെട്ടു.
1985ല്‍ ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വീട്ടു വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു വിശ്വനാഥന്‍. ഇദ്ദേഹത്തെയാണ് ആദ്യം തലക്കടിച്ചുകൊന്നത്. പിന്നീട് വീട്ടിനു മുകളില്‍ കയറി ഓടിളക്കിമാറ്റിയ ശേഷം അകത്തിറങ്ങി നരസപ്പയ്യ ഹന്തെയെ തലയ്ക്കടിച്ചു കൊന്നു. ഭാര്യയെയും ആക്രമിച്ചു. ക്രൂരമായ കൊലപാതകത്തിന്റെ സാക്ഷിയായിരുന്നു ബാലചന്ദ്ര. അന്നദ്ദേഹത്തിനു 13വും സഹോദരിമാര്‍ക്ക് ആറും രണ്ടും വയസ്സായിരുന്നു. വാമഞ്ചൂര്‍ ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളിലെ പ്രതിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. 13 കൊലക്കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് വിവിധ കോടതികള്‍ വിധിച്ചത്. എന്നാല്‍ വാമഞ്ചൂര്‍ കൊലക്കേസില്‍ ബാലചന്ദ്ര നല്‍കിയ മൊഴി കണക്കിലെടുത്ത് മരണം വരെ തൂക്കു കയര്‍ ആണ് കോടതി വിധിച്ചത്. വിധിക്കെതിരെ സുപ്രീംകോടതി വരെ പോയെങ്കിലും വധ ശിക്ഷ ശരിവച്ചു. പിന്നീട് രാഷ്ട്രപതി ദയാഹര്‍ജിയും തള്ളി. 1991 ജൂലായ് ആറിന് റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരാച്ചാര്‍ ഇല്ലാതിരുന്നതിനാല്‍ ജയില്‍ സൂപ്രണ്ട് അരയാക്കണ്ടിപ്പാറ എന്‍ പി കരുണാകരന്‍ ആണ് വധശിക്ഷ നടപ്പാക്കിയത്.

ആരായിരുന്നു റിപ്പര്‍ ചന്ദ്രന്‍?

നീലേശ്വരത്തിനു സമീപത്തെ കരിന്തളം, മുതുക്കുറ്റി സ്വദേശിയായിരുന്നു ചന്ദ്രന്‍. 1950 ഡിസംബര്‍ 18ന് കുഞ്ഞമ്പു- പാറ്റ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. ചന്ദ്രന് പത്തുവയസ്സുള്ളപ്പോള്‍ അച്ഛന്‍ കുഞ്ഞമ്പു മരിച്ചു. പതിനാലാം വയസ്സില്‍ ചന്ദ്രന്‍ കര്‍ണ്ണാടകയിലേയ്ക്ക് നാടുവിട്ടു. പിന്നീട് തിരിച്ചെത്തിയത് കുപ്രസിദ്ധ ക്രിമിനല്‍ ആയിട്ടായിരുന്നു.
കാസര്‍കോട്ടെ ഒരു മോഷണക്കേസില്‍ 1977ല്‍ ആണ് ചന്ദ്രന്‍ ആദ്യമായി പിടിയിലായത്. പ്രസ്തുത കേസില്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞതോടെ ചന്ദ്രന്‍ വീണ്ടും കര്‍ണ്ണാടകയിലേയ്ക്ക് പോയി. പിന്നീട് തിമ്മയെന്ന കുപ്രസിദ്ധ ക്രിമിനലുമായി കൂട്ടുകൂടി.

ആദ്യത്തെ റിപ്പര്‍ മോഡല്‍ കൊല ചെമ്മനാട്, കൈന്താറില്‍

ലണ്ടനില്‍ നിരവധി പേരെ തലക്കടിച്ചു കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പര്‍’ എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യം ഉള്ളതിനാലാണ് ചന്ദ്രന് ‘റിപ്പര്‍’ എന്ന അപരനാമം കിട്ടിയത്.
ദേശീയ പാതകളോടും റെയില്‍വെട്രാക്കിനോടും ചേര്‍ന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രന്‍ ആക്രമണത്തിനു തെരഞ്ഞെടുത്തിരുന്നത്. ചുറ്റികകൊണ്ട് തലയില്‍ ശക്തമായി അടിച്ചു വീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തുകയും ബലാത്സംഗവും ചെയ്യുകയുമായിരുന്നു ചന്ദ്രന്റെ രീതി. 1985 സെപ്തംബര്‍ 10ന് ചെമ്മനാട് കൈന്താറിലായിരുന്നു ആദ്യത്തെ റിപ്പര്‍ മോഡല്‍ ആക്രമണം. അന്നു രമണിയെന്ന സ്ത്രീയെ തലയ്ക്കടിച്ചു വീഴ്ത്തി പണവും ആഭരണങ്ങളും കവരുകയായിരുന്നു.
പിന്നീട് മഞ്ചേശ്വരം ബങ്കരയിലെ പാണ്ഡെ, ഭാര്യ പുഷ്പ, ജോലിക്കാരന്‍ അനന്തന്‍, ചിത്താരിയിലെ മണി, കാസര്‍കോട്, കൂഡ്‌ലു ചൗക്കി, കാവുഗോളിയിലെ പുഷ്പ, ബന്ധുവായ ഗോപാലകൃഷ്ണ, പള്ളിക്കര ചാമുണ്ഡിക്കുന്നിലെ കുട്ട്യന്‍, വാമഞ്ചൂരിലെ നരസപ്പയ്യ ഹന്തെ, ജോലിക്കാരന്‍ വിശ്വനാഥന്‍, കര്‍ണ്ണാടക, ഹൊവഞ്ചിയിലെ ബാലന്‍, ഹരിയടുക്കയിലെ കമല, തളിപ്പറമ്പ്, പറശ്ശിനിക്കടവിലെ ഒരു സ്ത്രീ എന്നിവരാണ് റിപ്പര്‍ ചന്ദ്രന്റെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ കേരളത്തെയും ദക്ഷിണകര്‍ണ്ണാടകയെയും വര്‍ഷങ്ങളോളം വിറപ്പിച്ച റിപ്പര്‍ ചന്ദ്രന്‍ കര്‍ണ്ണാടക, ശിവമോഗയില്‍ വച്ചാണ് പൊലീസിന്റെ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page