സമൃദ്ധിയുടെ വിഷു; സന്തോഷത്തിന്റെയും

കാസര്‍കോട്: ഒരു വര്‍ഷത്തെ സമൃദ്ധിയും ഐശ്വര്യവും കേരളം നാളെ കണികാണുന്നു. നാളെ വിഷുക്കണി കണികണ്ടുണരാന്‍ മലയാളികള്‍ ലോകമെമ്പാടും തയ്യാറെടുക്കുകയാണ്. വിഷുക്കാലത്ത് പൂത്തുലയാന്‍ തയ്യാറായ കൊന്നകളുടെ മഞ്ഞപ്പൂക്കള്‍ നാളെ വിഷുക്കണിയുടെ മുഖ്യ ഇനമാണ്. നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അരി, ശ്രീകൃഷ്ണ വിഗ്രഹം, അറിവിന്റെ സൂക്ഷിപ്പായ ഗ്രന്ഥം, എല്ലാത്തിനെയും തെളിച്ചു കാണിക്കുന്ന ഭദ്രദീപം, സുഗന്ധദ്രവ്യങ്ങളുടെ വശ്യ സുഗന്ധം-എല്ലാം ചേര്‍ന്നു സമ്മാനിക്കുന്ന സംതൃപ്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു വര്‍ഷം. ഒരു കാലം വിഷു ആഗ്രഹിക്കുന്നതും വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതുമായ ആ നല്ല കാലത്തെ വിശ്വാസ സമൂഹം വിഷുപ്പുലരിയില്‍ കണികാണുകയാണ്.
നല്ലതിനും നന്മക്കും നല്ലകാലത്തിനും വേണ്ടിയുള്ള മനുഷ്യരുടെ അടങ്ങാത്ത അഭിവാഞ്ചയുടെ പ്രകടനമായാണ് വിഷുവിനെ ജനങ്ങള്‍ വിശ്വസിക്കുന്നത്. ഭൂമിയില്‍ നന്മയും സമൃദ്ധിയും നിലനില്‍ക്കുന്നതു വിഷു കൂടി കൊണ്ടാടുന്നതു കൊണ്ടാണെന്ന വിശ്വാസം നാടിന്റെ തേജസ്സിനു തെളിമ പകരുന്നു.
നന്മയുടെ വിഷുവിനെ കണി കാണുന്ന ജനങ്ങള്‍ പുതിയ മനസ്സും മനോഭാവവും സന്തോഷവും അനുഭവിക്കാനുള്ള അവസരത്തിനും നാളെ തുടക്കമിടുന്നു. എഴുത്തും വായനയും പഠിപ്പും മാത്രമല്ല, കൃഷിയും കാര്‍ഷിക രംഗത്തെ പ്രതീക്ഷയും തളിരിടുന്നതും വിഷുവിനാണെന്നു വിശ്വസിക്കുന്നുണ്ട്.
സൗഹാര്‍ദ്ദത്തിന്റെ പുനരുജ്ജീവനത്തിന് വിഷു ആഘോഷം ലോകമെങ്ങും ഉത്തേജനം പകരുമെന്ന വിശ്വാസവും ഈ സങ്കല്‍പത്തിന്റെ അടിത്തറയാണ്. വിഷു പ്രമാണിച്ചു ക്ഷേത്രങ്ങളില്‍ വിഷുക്കണി വിപുലമായി ആഘോഷിക്കുന്നു. തറവാടുകളും കുടുംബങ്ങളും വീടുകളും ഈ ആഘോഷം വിപുലമായി കൊണ്ടാടുന്നു. ഭാവിയെക്കുറിച്ചും ലോകത്തെക്കുറിച്ചും നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ബോധം ഊട്ടിയുറപ്പിക്കാനും ഭാവിക്കും തലമുറകള്‍ക്കും പാരമ്പര്യ സ്വത്തായി കൈമാറാനും മലയാളികള്‍ ശ്രദ്ധാലുക്കളായുണ്ട്. പുതുവസ്ത്രം, മൃഷ്ടാന്നഭോജനം എന്നിവയൊക്കെ വിഷു ആഘോഷത്തിന്റെ തെളിമകളായി തെളിഞ്ഞു നിക്കുന്നു. കാലാകാലങ്ങളോളം ഈ ആഘോഷത്തിന്റെ പൊലിമ നാടിന്റെ മുന്നേറ്റത്തിനു ശക്തിയായി മാറുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page