കോട്ടയം: വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന് തീയിട്ട സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ഡോ. സി.ആര്‍ ജയകുമാറിന്റെ വീട്ടിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായ ചെല്ലപ്പന്‍(87) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് കയ്യില്‍ പെട്രോളുമായെത്തിയ ചെല്ലപ്പന്‍ കോട്ടയം ഗാന്ധി നഗറിലെ ഡോക്ടറുടെ കാറിന് തീയിട്ടത്. തന്നോട് ചെല്ലപ്പന് മുന്‍ വൈരാഗ്യമില്ലെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി ചെല്ലപ്പന്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഡോക്ടറുമായി തര്‍ക്കം നിലനിന്നിരുന്നതായി അറിയുന്നു. ഇതിലുള്ള മനോവിഷമമാകാം ചെല്ലപ്പനെ കാറിന് തീയിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







