കാസര്‍കോട്: പാഠ ഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ 12 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉസ്താദ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
മലപ്പുറം സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസ അധ്യാപകുമായ യുവാവ് ഇന്ന്(തിങ്കള്‍) ഉച്ചയോടെയാണ് സ്‌റ്റേഷനില്‍ എത്തിയത്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയോ, വീട്ടുകാരോ പരാതി നല്‍കിയാല്‍ കേസെടുക്കാനും അല്ലാത്തപക്ഷം താക്കീത് നല്‍കി വിടാനുമാണ് പൊലീസിന്റെ ആലോചന.
12 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച രാവിലെ 6.45 മണിക്കാണ് കാണാതായത്. മദ്രസയിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നു ഇറങ്ങിയ പെണ്‍കുട്ടി അവിടേയ്ക്ക് എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസെത്തി അന്വേഷണം തുടരുന്നതിനിടയില്‍ പെണ്‍കുട്ടിയെ മംഗ്‌ളൂരുവില്‍ കണ്ടെത്തി.
ഓട്ടോ ഡ്രൈവർന്മാരുടെ സഹായത്തോടെ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി, തന്നെ കറുത്ത നിറത്തിലുള്ള കാറില്‍ എത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്നാണ് മൊഴി നല്‍കിയത്. പെണ്‍കുട്ടിയെ കണ്ടെത്തിയ കാര്യം പാണ്ഡേശ്വരം പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസും ബന്ധുക്കളും മംഗ്‌ളൂരുവിലെത്തി പെണ്‍കുട്ടിയെ നാട്ടിലേയ്ക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. പൊലീസ് വിശദമായി ചോദിച്ചപ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ തന്നെ അധ്യാപകന്‍ ക്രൂരമായി അടിച്ചിരുന്നുവെന്നും വീണ്ടും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതു കൊണ്ട് സ്വമേധയാ ട്രെയിന്‍ കയറിപ്പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഇതേ തുടര്‍ന്ന് പൊലീസ് അധ്യാപകനെ ഫോണില്‍ വിളിച്ച് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ മലപ്പുറത്താണ് ഉള്ളതെന്നും തിങ്കളാഴ്ച ഹാജരാകാമെന്നുമാണ് അധ്യാപകന്‍ അന്ന് പൊലീസിനെ അറിയിച്ചിരുന്നത്. ഇതു പ്രകാരമാണ് ഇന്ന് ഹാജരായത്.







