മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ ആളേയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിയായ അദിനാനാണ് ഫുട്‌ബോള്‍ കളിക്കിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്കുപോയ പന്ത് എടുക്കാന്‍ ഓടുന്നതിനിടെ നാല്‍പ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഇത് കണ്ട് കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയതായിരുന്നു പ്രദേശവാസിയായ ആള്‍. എന്നാല്‍ അദ്ദേഹവും പുറത്തിറങ്ങാനാകാതെ കിണറ്റില്‍ കുടുങ്ങി. പ്രദേശവാസികള്‍ ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന കുട്ടിയെയും രക്ഷിക്കാനിറങ്ങിയ ആളെയും വല ഉപയോഗിച്ച് പുറത്തെത്തിച്ചു. അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







