കാസര്‍കോട്: പുതുതായി തുടങ്ങുന്ന ആശുപത്രിയില്‍ പണം നിക്ഷേപിച്ചാല്‍ ഷെയറും ലാഭ വിഹിതവും നല്‍കുമെന്ന് വിശ്വസിപ്പിച്ച് വനിതാ ഡോക്ടറില്‍ നിന്നു 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട്, പുലിക്കുന്നിലെ ഡോ. അപര്‍ണ്ണ (39)യുടെ പരാതിയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. പുലിക്കുന്ന് കല്യാട്ട ഹൗസിലെ ഡോ. മുഹമ്മദ് സഹീര്‍, ഡോ. കെപി അലി (72), ഡോ. തന്‍സീഹ് എ നര്‍ഗീസ് (36), ഡോ. ആയിഷത്ത് ഷംസീറ (39) എന്നിവര്‍ക്കെതിരെയാണ് കേസ്. കൊച്ചിയില്‍ പുതുതായി ആരംഭിക്കുന്ന ആശുപത്രിയില്‍ പണം നിക്ഷേപിച്ചാല്‍ ഷെയറും ലാഭവിഹിതവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ കൈപ്പറ്റിയെന്നു ഡോ. അപര്‍ണ്ണ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഡോ. മുഹമ്മദ് സഹീറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.







