കര്‍ണ്ണാടക വനത്തില്‍ തേന്‍ ശേഖരിക്കാൻ പോയ ബളാല്‍ സ്വദേശി മരത്തില്‍ നിന്നു വീണു മരിച്ചു

കാസര്‍കോട്: കര്‍ണ്ണാടക വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവ് മരത്തില്‍ നിന്നു വീണു മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാല്‍, കോട്ടഞ്ചേരി ഉന്നതിയിലെ എച്ച് പി പ്രകാശന്‍ (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കര്‍ണ്ണാടക, ബാഗമണ്ഡലം പൊലീസ് കേസെടുത്തു. ഉള്‍വനങ്ങളില്‍ പോയി തേന്‍ ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ് പ്രകാശന്‍. ഭക്ഷണ സാധനങ്ങളുമായി പോയി വനത്തിനകത്തു കൂടാരം കെട്ടി ദിവസങ്ങളോളം താമസിച്ച് തേന്‍ ശേഖരിക്കലാണ് സംഘത്തിന്റെ രീതി. തേനീച്ച കുത്തേല്‍ക്കാതിരിക്കുന്നതിനു രാത്രി കാലങ്ങളിലാണ് സംഘം മരത്തില്‍ കയറുക.
മൂന്നു ദിവസം മുമ്പാണ് പ്രകാശനം മറ്റു രണ്ടു പേരും വനത്തിലേയ്ക്ക് തേന്‍ ശേഖരിക്കാന്‍ പോയത്. മരത്തില്‍ കയറുന്നതിനിടയില്‍ പ്രകാശന്‍ പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവര്‍ പൊലീസിനു മൊഴി നല്‍കിയത്.
സാരമായി പരിക്കേറ്റ പ്രകാശനെ മറ്റു രണ്ടുപേരും ചേര്‍ന്ന് ചുമന്നാണ് വനത്തില്‍ നിന്നു പുറത്തെത്തിച്ചത്. അപകട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷമാണ് മൊബൈല്‍ ഫോണിനു റേഞ്ച് കിട്ടിയതെന്നു പറയുന്നു. ഉടന്‍ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് പത്ത് കിലോമീറ്റര്‍ കൂടി നടന്നാണ് സംഘം പ്രകാശനെയും കൊണ്ട് വനത്തിനു പുറത്ത് എത്തിയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
കുടക് ജില്ലയിലെ തലക്കാവേരിയിലെ പരേതനായ പുട്ടയുടെയും ലളിതയുടെയും മകനാണ് പ്രകാശന്‍ ഭാര്യ: രമ്യ. മക്കള്‍: ശിവന്യ, ശിവ. സഹോദരങ്ങള്‍: പ്രവീണ്‍, സവിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page